തിരുവനന്തപുരം: സാലറി ചലഞ്ചിനോട് ജീവനക്കാരിൽ നിന്ന് എതിർപ്പ് വന്നതോടെ ഒരു മാസത്തെ ശമ്പളത്തിന് പകരം ഡി.എ കുടിശിക ഈടാക്കാൻ സർക്കർ ശ്രമിക്കുമെന്നറിയുന്നു. ഡി.എ കുടിശികയും ഏതാണ്ട് ഒരു മാസത്തെ ശമ്പളത്തോളം വരും.
ഭരണകക്ഷി യൂണിയനുകൾക്ക് ഡി.എ കുടിശിക പിടിക്കുന്നതിനോടു എതിർപ്പില്ല. സാലറി ചലഞ്ചിനെ എതിർത്ത പ്രതിപക്ഷ യൂണിയൻകാരും ഡി.എ കുടിശിക പിടിക്കുന്നതിനെ എതിർക്കില്ലെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.
അതേസമയം, സാലറി ചലഞ്ചിന്റെ കാര്യത്തിൽ ഒരാഴ്ചകൂടി കാത്തിരുന്ന ശേഷം ബദൽ മാർഗം നോക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ഇന്നലെ പറഞ്ഞു. ഒരു വിഭാഗം ജീവനക്കാർ ശമ്പളം സംഭാവന ചെയ്യുകയും ചിലർ ശമ്പളം നൽകാതെ മിടുക്കരാവുകയുമാണു പതിവ്. അതിനി വേണ്ട. ബദൽ മാർഗം അടുത്ത മന്ത്രിസഭാ യോഗം ചർച്ച ചെയ്തു തീരുമാനിക്കും.
ഒരു മാസം കടന്നു പോകുന്നതിന് 10,000 കോടി രൂപ വേണം. കേന്ദ്രത്തിൽ നിന്നു കിട്ടിയത് 2000 കോടി രൂപയാണ്. വരുമാന ഇനത്തിൽ ലഭിച്ചത് വെറും 250 കോടിയും. 8000 കോടിയോളം ഇനി വേണം. വായ്പ എടുത്തു ശമ്പളം കൊടുക്കുകയേ നിവൃത്തിയുള്ളൂ.