കഴക്കൂട്ടം: ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് മര്യനാട് മത്സ്യബന്ധന കേന്ദ്രത്തിൽ ജനങ്ങൾ തടിച്ചുകൂടുന്നത് ആശങ്ക പരത്തുന്നു. കൊവിഡ് 19ന്റെ പശ്ചാത്തലത്തിൽ മത്സ്യബന്ധനം നിറുത്തിയിരുന്ന ഇവിടെ സാമൂഹിക അകലവും സുരക്ഷാമാനദണ്ഡങ്ങളും പാലിച്ച് മത്സ്യബന്ധനമാകാമെന്ന സർക്കാർ ഉത്തരവിനെ തുടർന്നാണ് കച്ചവടം പുനരാരംഭിച്ചത്. പരമ്പരാഗത രീതിയിൽ മത്സ്യബന്ധനം നടത്തുന്ന മര്യനാട് തീരത്ത് നിയന്ത്രണങ്ങൾ പാലിക്കാതെയാണ് കഴിഞ്ഞ ദിവസം രാവിലെ 5 മുതൽ 11 വരെ കച്ചവടക്കാരും നാട്ടുകാരും കൂട്ടമായെത്തിയത്. വിദേശത്ത് നിന്നെത്തിയ 30ഓളം പേർ നിലവിൽ മര്യനാട് ഉൾപ്പെടുന്ന കഠിനംകുളം പഞ്ചായത്തിലെ വാർഡുകളിൽ നിരീക്ഷണത്തിൽ കഴിയുമ്പോഴാണിത്. കഠിനംകുളം പൊലീസ് സ്റ്രേഷനിൽ നിന്നും തിരക്ക് നിയന്ത്രിക്കാൻ ഉദ്യോഗസ്ഥർ ഇടപെടണമെന്നാണ് ആവശ്യം.