തിരുവനന്തപുരം: തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലും പൂന്തുറ മത്സ്യ വിപണന കേന്ദ്രത്തിലും ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്‌ണൻ പരിശോധന നടത്തി. അമരവിള, നെട്ട, ഒറ്റശേഖരമംഗലം തുടങ്ങിയ അതിർത്തി ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധന നടത്തി മതിയായ രേഖകളില്ലാതെയെത്തിയ യാത്രക്കാരെ തിരിച്ചയച്ചു. പൂന്തുറയിൽ സാമൂഹിക അകലം പാലിച്ചാണ് മത്സ്യവില്പന നടത്തുന്നതെന്ന് കളക്ടർ ഉറപ്പുവരുത്തി. മത്സ്യവിപണനത്തിന് ടോക്കൺ സമ്പ്രദായവും ഏർപ്പെടുത്തി. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് കളക്ടർ അറിയിച്ചു. അസിസ്റ്റന്റ് കളക്ടർ അനുകുമാരി, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും ഒപ്പമുണ്ടായിരുന്നു.