തിരുവനന്തപുരം: നരേന്ദ്ര മോദി ചെയ്യുന്ന അതേ കാര്യമാണ് രാഷ്ട്രീയ എതിരാളികൾക്കെതിരെ മുഖ്യമന്ത്രിപിണറായി വിജയനും ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.കെ.എം. ഷാജിക്കെതിരെ സർക്കാർ വിജിലൻസ് കേസെടുത്തതിനെക്കുറിച്ച് മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ എതിർക്കുന്നവരെ ഭരണകൂടത്തെ ഉപയോഗിച്ച് എങ്ങനെ നേരിടാമെന്നാണ് രണ്ടു പേരും ഇപ്പോൾ ആലോചിക്കുകയും നടപ്പാക്കുകയും ചെയ്യുന്നത്. കെ.എം. ഷാജിയെയും യു.ഡി.എഫ് പ്രവർത്തകരെയും ഇതുകൊണ്ടൊന്നും തളർത്താമെന്ന് കരുതേണ്ട. സർക്കാരിന്റെ ജനവിരുദ്ധമായ നടപടികൾക്കെതിരായ പോരാട്ടം തുടരും. മൂന്ന് വർഷം മുമ്പ് ആരോ കൊടുത്ത പരാതി ഇപ്പോൾ പൊടി തട്ടിയെടുത്ത് കേസ് രജിസ്റ്റർ ചെയ്യാനുള്ള നടപടി അങ്ങേയറ്റം രാഷ്ട്രീയപ്രേരിതമാണ്. ഇത് കൊണ്ടൊന്നും യു.ഡി.എഫ് തളർത്താമെന്ന് കരുതേണ്ട.
ആരിൽ നിന്നെങ്കിലും പരാതി എഴുതി വാങ്ങിച്ച് ഇത്തരം കേസുകൾ രജിസ്റ്റർ ചെയ്യുന്ന നടപടി അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. അതിനെ നിയമപരമായും രാഷ്ട്രീയമായും നേരിടും. സ്പ്രിംഗ്‌ളർ ഇടപാടിൽ നിന്ന് ഇതുകൊണ്ട് ജനശ്രദ്ധ തിരിയുമെന്ന് ആരും കരുതേണ്ട. ഓരോ ദിവസം കഴിയുന്തോറും അഴിമതി കൂടുതൽ വ്യക്തമാവുകയാണ്. സർക്കാർ ഈ ഇടപാടിൽ അമേരിക്കൻ കമ്പനി പറഞ്ഞ കാര്യങ്ങളേ പുറത്ത് വിട്ടിട്ടുള്ളൂ. തട്ടിക്കൂട്ട് പർച്ചേസ് എഗ്രിമെന്റുണ്ടാക്കി ജനങ്ങളെ കബളിപ്പിച്ചിരിക്കുകയാണ്. അടിമുടി അഴിമതിയാണിതിൽ. അതിനാൽ വിശദമായ അന്വേഷണം ഇക്കാര്യത്തിൽ വേണം. താൻ കാര്യങ്ങൾ മനസിലാക്കാൻ കാലതാമസമെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്, താൻ കാര്യങ്ങൾ നന്നായി മനസ്സിലാക്കിയതിലെ പ്രയാസം കൊണ്ടാണെന്നും ചെന്നിത്തല പറഞ്ഞു.