covid-test

തിരുവനന്തപുരം : കൊവിഡ് ആൻറിബോഡി പരിശോധന (ഐ.ജി– ജി, ഐ.ജി– എം) സ്വകാര്യ മേഖലയിൽ നടത്താൻ അനുമതി നൽകി സർക്കാർ ഉത്തരവായി. എൻ.എ.ബി.എൽ അക്രഡിറ്റേഷനും ആൻറിബോഡി പരിശോധനയ്ക്ക് ഐ.സി.എം.ആർ അംഗീകാരവുമുള്ള ലാബുകൾക്ക് രക്തപരിശോധന നടത്താം. ഐ.സി.എം.ആറും സംസ്ഥാന സർക്കാരും ഇതിനായി രൂപീകരിച്ച പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണം. സംസ്ഥാന സർക്കാരിന്റെ രജിസ്‌ട്രേഷന് ലാബുകൾ covidpnsodedme@gmail.comഎന്ന ഇ-മെയിൽ വിലാസത്തിലേക്ക് ആവശ്യമായ രേഖകൾ അയയ്ക്കണം. പരിശോധനാ ഫലം സംസ്ഥാന ആരോഗ്യ വകുപ്പിന് ഓൺലൈൻ പോർട്ടൽ മുഖേന കൈമാറണം. ലാബുകൾ രോഗികളെ നേരിട്ട് ഫലം അറിയിക്കരുത്.

ഐ.സി.എം.ആർ നിർദ്ദേശിക്കുന്ന പരിശോധനാ കിറ്റാണ് ഉപയോഗിക്കേണ്ടത്. കിറ്റുകൾ സംസ്ഥാന ഡ്രഗ്‌സ് കൺട്രോളറും പരിശോധിക്കണം. സാമ്പിൾ ശേഖരിക്കാൻ വായുസഞ്ചാരമുള്ള മുറികൾ വേണം. എ സി ഉപയോഗിക്കരുത്. പരിശീലനം ലഭിച്ച സംഘത്തെ ഉപയോഗിച്ച് വീടുകളിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കാം. ഇക്കാര്യം മുൻകൂട്ടി വീട്ടുകാരെ അറിയിക്കണം. സാമ്പിൾ ശേഖരിക്കുന്ന വ്യക്തിയിൽ നിന്ന് ആവശ്യമായ എല്ലാ വിവരവും ശേഖരിച്ചെന്ന് ലാബിന്റെ നോഡൽ ഓഫീസർ ഉറപ്പാക്കണം. മൈക്രോബയോളജിസ്റ്റോ,​ ലാബ് ഇൻ ചാർജോ പരിശോധന ഫലം അന്തിമമായി ഉറപ്പാക്കണം. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലുള്ള ബി.പി.എൽ രോഗികൾക്കും സർക്കാർ നിർദ്ദേശിക്കുന്ന ദുർബല വിഭാഗങ്ങൾക്കും പരിശോധന സൗജന്യമായിരിക്കും. അല്ലാത്തവർക്ക് 800 രൂപയാണ് ഫീസ്.

പരിശോധന ഇവർക്ക്

ആർ.ടി.പി.സി.ആർ നെഗറ്റീവായിട്ടും കൊവിഡ് 19 സംശയിക്കുന്നവർ. രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തിയതും രോഗലക്ഷണമുള്ളതുമായ ഹൈ റിസ്‌ക് വിഭാഗക്കാർ. കൊവിഡ് രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവർത്തകർ. അതികഠിനമായ ശ്വസനസംബന്ധ രോഗമുള്ളവർ. രോഗനിർണയം നടത്തുംമുമ്പ് ശ്വസനസംബന്ധ രോഗം മാറിയവർ. ജനക്കൂട്ടത്തിൽ പോയവർ. 14 ദിവസത്തിനുള്ളിൽ പൊതുചടങ്ങുകളിൽ പങ്കെടുത്ത രോഗലക്ഷണമുള്ളവർ. 14 ദിവസത്തിനുള്ളിൽ കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത പ്രദേശത്തുള്ളവർ, രോഗലക്ഷണമില്ലാതെ നിരീക്ഷണത്തിൽ കഴിയുന്നവർ.