
തിരുവനന്തപുരം: അടുത്തമാസം വിരമിക്കാനിരിക്കെ, മുതിർന്ന ഡിജിപിയും മുൻ വിജിലൻസ് ഡയറക്ടറുമായ ഡോ.ജേക്കബ് തോമസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലൻസ് കേസെടുക്കാൻ സർക്കാർ അനുമതി നൽകി. 2011ൽ തമിഴ്നാട്ടിലെ വിരുദുഗനറിൽ 50.33 ഏക്കർ ഭൂമി വാങ്ങിയത് സ്വത്ത് വിവരങ്ങൾ വെളിപ്പെടുത്തിയപ്പോൾ മറച്ചുവച്ചെന്നും ഈ വസ്തു അനധികൃതമായി സമ്പാദിച്ചതാണെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ഈ ഭൂമിയെക്കുറിച്ചുള്ള വിവരം ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ എന്ന പുസ്കത്തിൽ അദ്ദേഹം പരാമർശിച്ചിരുന്നു. ഈ ഭൂമി ബിനാമി സ്വത്തായി കാണാമെന്ന് കാട്ടി ബിനാമി പ്രോപ്പർട്ടി ട്രാൻസാക്‌ഷൻ നിയമ പ്രകാരം കേസെടുക്കാനാണ് ക്രൈംബ്രാഞ്ച് അനുമതി തേടിയത്. അഴിമതി നിരോധന നിയമ പ്രകാരം വിജിലൻസിനും കേസെടുക്കാമെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി സർക്കാരിനെ അറിയിച്ചു. ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർ ചെയ്ത് വിജിലൻസിന് കൈമാറാനാണ് ആഭ്യന്തര സെക്രട്ടറി വിശ്വാസ് മേത്തയുടെ ഉത്തരവ്.
നിലവിൽ പാലക്കാട്ടെ മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനായ ജേക്കബ്തോമസ് മേയ് 31നാണ് വിരമിക്കുന്നത്.
ഇന്നുതന്നെ ക്രൈംബ്രാഞ്ച് പുതിയ കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് സൂചന. കേസെടുത്താൽ ജേക്കബ് തോമസിനെ സർക്കാരിന് വീണ്ടും സസ്‌പെൻഡ് ചെയ്യാം. അങ്ങനെയെങ്കിൽ സസ്‌പെൻഷനിലായിരിക്കും ജേക്കബ് തോമസിന്റെ വിരമിക്കൽ. അനുമതിയില്ലാതെ പുസ്തകമെഴുതിയതിനും തുറമുഖ ഡയറക്ടറായിരിക്കെ ഡ്രഡ്ജർ വാങ്ങിയതിലെ അഴിമതി ആരോപണത്തിനും രണ്ടുവർഷത്തോളം സസ്പെഷൻഷനിലായിരുന്ന ജേക്കബ്തോമസിനെ കേന്ദ്ര അഡ്‌മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ ഉത്തരവിനെത്തുടർന്നാണ് തിരിച്ചെടുത്ത് മെറ്റൽ ഇൻഡസ്ട്രീസിൽ നിയമിച്ചത്.
നേരത്തേ ഈ ബിനാമി കേസിലെ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നതാണ്. സ്റ്റേ നീക്കികിട്ടിയ ശേഷമാണ് കേസെടുക്കാനുള്ള സർക്കാരിന്റെ നടപടികൾ. ആഭ്യന്തര വകുപ്പിന്റെ നടപടി അധികാരപരിധി മറി കടന്നുള്ളതാണെന്നാണ് ജേക്കബ് തോമസിന്റെ വാദം.