തിരുവനന്തപുരം :ലോക്ക് ഡൗൺ കാലത്തും സംസ്ഥാനത്ത് അവയവദാനം യാഥാർത്ഥ്യമായി. ഇന്നലെ തിരുവനന്തപുരത്തു നിന്ന് കോട്ടത്തേയ്ക്ക് ഹൃദയം എത്തിച്ചാണ് ഇതിനായി സർക്കാർ സംവിധാനങ്ങൾ കൈകോർത്തത്. അവയവദാന ഏജൻസിയായ മൃതസഞ്ജീവനിയിലൂടെ നാലു പേർക്കാണ് പുതുജീവൻ ലഭിച്ചത്.
ഹൃദയം കൂടാതെ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലും, ഒരു വൃക്കയും കരളും കിംസ് ആശുപത്രിയിലും ചികിത്സയിലുള്ള രോഗികൾക്ക് നൽകി. കിംസ് ആശുപത്രിയിൽ ബൈക്കപകടത്തിൽപ്പെട്ട് മസ്തിഷ്‌ക മരണം സംഭവിച്ച വർക്കല മുള്ളറംകോട് ശ്രീവിശ്വത്തിൽ കൃഷിപ്പണിക്കാരനായ ശ്രീകുമാറിന്റെ (50) അവയവങ്ങൾ ദാനം ചെയ്യാൻ ബന്ധുക്കൾ സമ്മതം അറിയിച്ചതോടെയാണ് ദുരന്തകാലത്തെ സമാനതകളില്ലാത്ത ജീവൻരക്ഷാപ്രവർത്തനം നടന്നത്. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി എന്നിവരുടെ നിർദേശമനുസരിച്ച് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ എം.എസ്.ഷർമ്മദിന്റെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്ന് ശസ്ത്രക്രിയയ്ക്ക് വേണ്ട സാഹചര്യമൊരുക്കി.
ദാതാവിൻറെയും സ്വീകർത്താക്കളുടെയും കൊവിഡ് പരിശോധനകൾ ഉൾപ്പെടെ പൂർത്തിയാക്കി. ഇന്നലെ രാത്രി പത്ത് മണിയോടെ കോട്ടയം മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സംഘം കിംസ് ആശുപത്രിയിലെത്തി ശസ്ത്രക്രിയ ആരംഭിച്ചു. തുടർന്ന് റോഡ് മാർഗം കോട്ടയത്തേക്ക് ഹൃദയം കൊണ്ടുപോയി. മറ്റ് വാഹനങ്ങൾ നിരത്തിലില്ലെങ്കിലും പൊലീസിൻറെ സുരക്ഷാവലയത്തിലാണ് അവയവവുമായുള്ള ആംബുലൻസ് കോട്ടയത്തേക്ക് പോയത്. തിരുവനന്തപുരം മെഡിക്കൽ കോളേജിലും അവയവം എത്തിച്ചു.
ഡി.എം.ഇ ഡോ.റംലാബീവി, മൃതസഞ്ജീവനി കൺവീനറും മെഡിക്കൽ കോളേജ് പ്രിൻസിപ്പലുമായ ഡോ എം.കെ.അജയകുമാർ, ആശുപത്രി സൂപ്രണ്ട് ഡോ എം.എസ്.ഷർമ്മദ്, മൃതസഞ്ജീവനി സംസ്ഥാന നോഡൽ ഓഫീസർ ഡോ.നോബിൾ ഗ്രേഷ്യസ്, കോ ഓർഡിനേറ്റർമാർ എന്നിവർ നടപടികൾ ഏകോപിപ്പിച്ചു.
ഏപ്രിൽ ഒൻപതിന് ആറ്റിങ്ങൽ കല്ലമ്പലത്ത് വച്ച് ബൈക്കുകൾ കൂട്ടിയിടിച്ചാണ് ശ്രീകുമാറിന് ഗുരുതരമായി പരിക്കേറ്റത്. ഭാര്യ: ബേബി ബിന്ദു, മകൻ: സ്വാതിൻ.