തിരുവനന്തപുരം: ലോക്ക് ഡൗൺ വിലക്കുകൾ ലംഘിച്ച് യാത്ര ചെയ്തതിന് ഇന്നലെ നഗരത്തിൽ 74 പേർക്കെതിരെ കേസെടുത്തു. 60 വാഹനങ്ങൾ പിടിച്ചെടുത്തു. എപ്പിഡെമിക് ആക്ട് പ്രകാരം 65 പേർക്കെതിരെയും അനാവശ്യ യാത്ര ചെയ്തതിന് ഒൻപത് പേർക്കെതിരെയുമാണ് കേസെടുത്തതെന്ന് സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു.
എപ്പിഡെമിക് ആക്ട് പ്രകാരം കൂടുതൽ കേസുകളെടുത്തത് വിഴിഞ്ഞം,കഴക്കൂട്ടം പൊലീസ് സ്റ്റേഷനുകളിലാണ്. പിടിച്ചെടുത്ത വാഹനങ്ങളിൽ 53 ഇരുചക്ര വാഹനങ്ങളും 3 ആട്ടോറിക്ഷകളും 3 കാറുകളും ഒരു ലോറിയുമാണ് ഉൾപ്പെടുന്നത്. രോഗവ്യാപനം തടയുന്നതിനായി വ്യാപാര സ്ഥാപനങ്ങളിൽ പാലിക്കേണ്ട ജാഗ്രതാ നിർദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ തുടരും.
അശരണർക്ക് വാഹനസൗകര്യവുമായി സിറ്റി പൊലീസിന്റെ 'ജൻ സഹായ്'
തിരുവനന്തപുരം:ലോക്ക് ഡൗൺ കാലത്ത് അശരണർക്ക് വിവിധ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നതിന് സിറ്റി പൊലീസ് മഹീന്ദ്ര ലോജിസ്റ്റിക്സ് കമ്പനിയുമായി ചേർന്ന് 'ജൻ സഹായ്' എന്ന പേരിൽ വാഹന സഹായ പദ്ധതി ആരംഭിച്ചു. നഗരത്തിൽ താമസിക്കുന്ന രോഗാതുരരായ മുതിർന്ന പൗരൻമാർ, അംഗ പരിമിതർ, വിധവകളായ അമ്മമാർ, ഒറ്റയ്ക്ക് താമസിക്കുന്നവർ, വാഹന സൗകര്യം ലഭിക്കാത്തവർ തുടങ്ങിയവർക്ക് വ്യാപാരസ്ഥാപനങ്ങൾ, ബാങ്ക്, പോസ്റ്റോഫീസ് തുടങ്ങിയ സ്ഥലങ്ങളിൽ പോകുന്നതിനും മറ്റാവശ്യങ്ങൾക്കും വാഹന സൗകര്യം ഈ പദ്ധതിയിലൂടെ ലഭിക്കും.
ആവശ്യക്കാർക്ക് സിറ്റി പൊലീസിന്റെ കൊവിഡ് കൺട്രോൾ റൂം നമ്പരായ 0471 2323272 എന്ന നമ്പരിലും മഹീന്ദ്ര ലോജിസ്റ്റിക്സിന്റെ 918589053345 എന്ന നമ്പരിലും ബന്ധപ്പെടാം. ദിവസവും രാവിലെ 8 മുതൽ രാത്രി 8 വരെയായിരിക്കും സേവനം. കഴിഞ്ഞ ദിവസം കമ്മിഷണർ ഓഫീസിൽ നടന്ന ചടങ്ങിൽ സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ പദ്ധതി ഫ്ലാഗ് ഒാഫ് ചെയ്തു.