തിരുവനന്തപുരം: പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്നയോജന പദ്ധതി പ്രകാരം സംസ്ഥാനത്തെ മുൻഗണനാ കാർഡുടമകൾക്ക് വിതരണത്തിന് പയർ ഇല്ല. പയർ ഒഴിവാക്കി ആളൊന്നിന് അഞ്ച് കിലോഗ്രാം അരി വീതം 20 മുതൽ വിതരണം ചെയ്യും. കാർഡൊന്നിന് ഒരു കിലോഗ്രാം പയർ കൂടി ലഭിക്കേണ്ടതായിരുന്നു. കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് കടലയാണ് നൽകുന്നതെങ്കിലും കേരളത്തിന്റെ ആവശ്യം പരിഗണിച്ചാണ് പയർ അനുദിച്ചത്. എന്നാൽ ആവശ്യത്തിന് പയർ നാഫെഡിൽ നിന്നും എത്തിച്ചില്ല. സപ്ളൈകോ വഴി ഭക്ഷ്യവകുപ്പ് സംഭരിച്ച പയർ സൗജന്യ പലവ്യഞ്ജനകിറ്റിനായി മാറ്റിയതോടെ സംസ്ഥാനത്തും പയർ സ്റ്റോക്കില്ലാതായി.
കേന്ദ്രസർക്കാർ പ്രഖ്യാപനം പൂർണമായും നടപ്പിലാക്കണമെങ്കിൽ 37,43,791 കാർഡുടമകൾക്കായി അത്രയും തന്നെ കിലോഗ്രാം പയർ ആവശ്യമാണ്. ഇപ്പോൾ ലഭ്യമല്ലാത്തതിനാൽ പയർ ലഭ്യമാകുന്ന മുറയ്ക്ക് അത് റേഷൻ കടകൾ വഴി വിതരണം ചെയ്യാനാണ് ഭക്ഷ്യവകുപ്പിന്റെ തീരുമാനം. പകരം കടല ലഭിച്ചാലും സ്വീകരിക്കും.
സൗജന്യ അരിവിതരണം 20 മുതലും സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം 22 മുതലും ആരംഭിക്കും. 20, 21 തീയതികളിൽ എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കാണ് അരി വിതരണം. ഇവർക്കായി നേരത്തെ പലവ്യഞ്ജന കിറ്റ് വിതരണം ചെയ്തിരുന്നു. അവശ്യസാധനങ്ങളുടെ ലഭ്യതക്കുറവു കാരണം സൗജന്യ പലവ്യഞ്ജന കിറ്റിന്റെ വിതരണം ഭാഗികമായി നിലച്ചിരിക്കുകയായിരുന്നു. അന്ത്യോദയ അന്നയോജന വിഭാഗത്തിൽപ്പെട്ടവർക്കാണ് ഇതുവരെ കിറ്റുകൾ വിതരണം ചെയ്‌തിരുന്നത്.