തിരുവനന്തപുരം: വിമാനസർവീസുകൾ ആരംഭിച്ചാൽ വിദേശ രാജ്യങ്ങളിൽനിന്ന് എത്തിച്ചേരുന്ന പ്രവാസികൾക്ക് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളോടനുബന്ധിച്ചും പുറത്തും സംസ്ഥാന സർക്കാർ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വരുന്നവരുടെ വിശദാംശങ്ങൾ പരിശോധിച്ച് ക്വാറൻറൈൻ ചെയ്യേണ്ട സ്ഥലം ആരോഗ്യവകുപ്പ് നിശ്ചയിക്കും. ഗതാഗതവകുപ്പ് യാത്രാസൗകര്യങ്ങൾ ഏർപ്പെടുത്തും.
പുറത്ത് കുടുങ്ങിപ്പോയ ആളുകളെ എത്രയും വേഗം ഇവിടെ എത്തിക്കാനാണ്ശ്രമം. രോഗലക്ഷണമോ സാധ്യതയോ ഉള്ളവർക്ക് ക്വാറന്റെെൻ സംവിധാനമുണ്ടാക്കും. അല്ലാത്തവരെ വീടുകളിൽ നിരീക്ഷണത്തിനു വിടും.
വിദേശങ്ങളിൽനിന്നു വരുന്നവർ നോർക്കയിലോ എംബസി മുഖേനെയോ രജിസ്റ്റർ ചെയ്യണം .വയോജനങ്ങൾ, വിസിറ്റിങ് വിസയിൽ പോയി മടങ്ങുന്നവർ, ഗർഭിണികൾ, കുട്ടികൾ, കോവിഡ് അല്ലാത്ത ഗുരുതര രോഗങ്ങളുള്ളവർ എന്നിവരെ ആദ്യഘട്ടത്തിൽ എത്തിക്കാൻ ക്രമീകരണങ്ങൾ നടത്തണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയത്തോടും വിദേശ മന്ത്രാലയത്തോടും അഭ്യർത്ഥിക്കും.
ജോലി നഷ്ടപ്പെടുകയോ വിസ കാലാവധി തീരുകയോ ചെയ്തവർ, വിദേശ രാജ്യങ്ങളിൽനിന്ന് ജയിൽവിമുക്തരായവർ, കോഴ്സ് പൂർത്തിയാക്കി മടങ്ങുന്ന വിദ്യാർത്ഥികൾ എന്നിവരെ രണ്ടാംഘട്ടത്തിൽ പരിഗണിക്കാനാണ് നിർദ്ദേശം. ആവശ്യമുള്ള എല്ലാവർക്കും ഒരുമാസത്തിനകം നാട്ടിലെത്താൻ പറ്റുന്ന അവസ്ഥയുണ്ടാക്കും.