കല്ലമ്പലം: തിരുവനന്തപുരം - കാസർകോട് വേഗ റെയിൽപാത ആറ്റിങ്ങൽ, കല്ലമ്പലം ജംഗ്ഷനുകളുടെ സമീപത്തുകൂടി കടന്നുപോകും. കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷന് കീഴിൽ ആസൂത്രണം ചെയ്യുന്ന റെയിൽ പദ്ധതിയുടെ നിലവിൽ പരിഗണിക്കുന്ന അലൈൻമെന്റ് കഴിഞ്ഞ ദിവസം കമ്പനി പ്രസിദ്ധീകരിച്ചിരുന്നു. ചാത്തമ്പറ കെ.ടി.സി.ടി ആശുപത്രിക്കും തോട്ടയ്ക്കാട് പാലത്തിനും ഇടയിൽവച്ച് ദേശീയപാത മുറിച്ചുകടക്കും. കൊച്ചുവേളിയിൽ നിന്ന് ആരംഭിക്കുന്ന പാത മുരുക്കുംപുഴ വരെ നിലവിലെ റെയിൽപാതയ്‌ക്ക് സമാന്തരമായി കടന്നുപോകും. മുരുക്കുംപുഴ കോഴിമട ക്ഷേത്രത്തിന് സമീപത്തുനിന്ന് ഗതിമാറും. തുടർന്ന് പെരുങ്ങുഴി സർവീസ് സഹരണ സംഘം, കിഴുവിലം ശിവകൃഷണപുരം, ആറ്റിങ്ങൽ കൊല്ലമ്പുഴ, തോട്ടവാരം, തോപ്പിച്ചന്ത, മണമ്പൂർ, പറങ്കിമാംവിള വഴി തോട്ടക്കാട് പാലത്തിന് സമീപത്തുവെച്ച് ദേശീയപാത മറികടക്കും. തുടർന്ന് കരവാരം പുതുശേരിമുക്ക്, കപ്പാംവിള, മരുതികുന്ന്‍, കാട്ടുപുതുശേരി വഴി കടന്നുപോകും. വീടുകളുടെ നഷ്ടം പരമാവധി ഒഴിവാക്കുന്ന രീതിയിലും കൃഷിയിടങ്ങളിലൂടെയുമാണ് പാത ആസൂത്രണം ചെയ്‌തിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പ് നടത്തിയ ആകാശസർവേയിലൂടെയാണ് അലൈൻമെന്റ് ഒരുക്കിയത്. നിലവിൽ പരിഗണിക്കുന്ന അലൈൻമെന്റിൽ ആവശ്യമെങ്കിൽ മാറ്റം വരുത്തും. തുടർനടപടികളുടെ ഭാഗമായി ഫീൽഡ് സർവേ നടക്കും.