പൂവാർ: ലോക്ക് ഡൗൺ വന്നതോടെ നാട്ടുകാർ ഫോർമാലിൻ കലർന്നതും ആഴ്ചകൾ പഴക്കമുള്ളതുമായ മത്സ്യം കഴിച്ച് മടുത്ത ജനങ്ങൾക്ക് ആശ്വാസമായിരിക്കുകയാണ് പൂവാർ തീരത്തെ ശുദ്ധമായ മത്സ്യം. ഒപ്പം മത്സ്യം വാങ്ങാൻ ആളുകൾ എത്തി തുടങ്ങിയതോടെ തീരത്തെ വറുതിക്ക് പരിഹാരമാകുമെന്ന പ്രതീക്ഷയിലുമാണ് ഒരോ മത്സ്യത്തൊഴിലാളി കുടുംബങ്ങളും. ലോക്ക് ഡൗൺ തുടങ്ങിയതോടെ പല സ്ഥലങ്ങളിൽ നിന്നും പഴകിയ മത്സ്യങ്ങൾ പിടികൂടി കുഴിച്ചുമൂടാൻ തുടങ്ങിയതോടെ നാട്ടുകാർ മീൻ കൂട്ടി ഭക്ഷണം കഴിക്കാം എന്ന ആഗ്രഹം മറന്ന് തുടങ്ങിയിരുന്നു. എന്നാൽ പൂവാർ തീരത്ത് വള്ളം എത്താൻ തുടങ്ങിയതോടെ ദൂരെ സ്ഥലങ്ങളിൽ നിന്നുപോലും മീൻ വാങ്ങാൻ ആളുകൾ എത്താൻ തുടങ്ങി. പരമ്പരാഗത മത്സ്യബന്ധനത്തിന് ഫിഷറീസ് വകുപ്പ് അനുവാദം നൽകിയതോടെ ആദ്യം പൊഴിയൂര്, പൂവാർ, പുതിയതുറ, വിഴിഞ്ഞം എന്നീ സ്ഥലങ്ങളിൽ വള്ളം എത്തിയപ്പോൾ ഉണ്ടായ തിരക്ക് നിയന്ത്രിക്കാൻ ഒടുവിൽ പൊലീസിന് ഇടപെടേണ്ടി വന്നിരുന്നു. എന്നാൽ ലോക്ക് ഡൗണിൽ നിർദേശിച്ചിട്ടുള്ള എല്ലാ മാനദണ്ഢങ്ങളും അനുസരിച്ചാണ് ഇവിടുത്തെ മത്സ്യ വില്പന. ഇതോടെ അനുബന്ധ തൊഴിൽ ചെയ്ത് ജീവിക്കുന്ന സ്ത്രീകൾ ഉൾപ്പടെയുള്ള തൊഴിലാളി കുടുംബങ്ങൾക്കും നേരീയ ആശ്വാസമാണ് ലഭിക്കുന്നത്.
കൊഴിയാള (കണ്ണൻ), കണവ, അയല, ഊളി, ചൂട, ചാള,നാടൻ ചാള, നെത്തോലി, ക്ലാത്തി, മളുവൻ ( ചുവപ്പ് ) കലവ, നെയ്മീൻ, ചൂര,നെയ്ച്ചുര, തുടങ്ങി 20 ഓളം ഇനം മീനുകൾ ഇവിടങ്ങളിൽ കിട്ടാറുള്ളത്. ലോക്ക് ഡൗൺ തുടങ്ങിയതിന് ശേഷം മത്സ്യത്തിന് ലഭിച്ചിരുന്നതിന്റെ ഇരട്ടി ലിവയാണ് ലഭിക്കുന്നതെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.