lockdown

തിരുവനന്തപുരം: അടച്ചു പൂട്ടിക്കഴിഞ്ഞ 26 ദിനങ്ങൾക്ക് ശേഷം കേരളം നാളെ പൂർണതോതിലല്ലെങ്കിലും ചലിച്ച് തുടങ്ങും. നാലു മേഖലകളായി തിരിച്ചുള്ള ലോക്ക് ഡൗൺ ഇളവിൽ, കൊവിഡിനെ ചെറുത്തുതോല്പിച്ച കോട്ടയവും ഇടുക്കിയും സാധാരണ ജീവിതത്തിലേക്ക് മടങ്ങും.

തലസ്ഥാനമായ തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട് ജില്ലകൾ ഭാഗികമായി തുറക്കും. കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലക്കാർക്ക് 24 മുതലാണ് ഇളവ്. അതേസമയം, കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലയിലുള്ളവർ മേയ് 3 വരെ വീട്ടിൽ തന്നെ കഴിഞ്ഞേ പറ്റൂ.

മേയ് 3 വരെ വീടിന് പുറത്തിറങ്ങുമ്പോൾ എല്ലാ ജില്ലയിലും മാസ്ക് നിർബന്ധമാണ്. വീട്ടിലോ, കടയിലോ പ്രവേശിക്കുമ്പോഴും ഇറങ്ങുമ്പോഴും കൈകൾ അണുനാശിനിയോ, സോപ്പോ ഉപയോഗിച്ച് വൃത്തിയാക്കുന്നതും തുടരണം. നാളെ മുതൽ കിട്ടുന്ന ഇളവുകളും സേവനങ്ങളും തുടരുന്നവിലക്കുകളും ചുവടെ.

1. യാത്ര

* ട്രെയിൻ, വിമാനം, മെട്രോ സർവീസില്ല. അന്തർ ജില്ലാ ബസ് സർവീസുമില്ല

* ജില്ലാ അതിർത്തിക്കുള്ളിലോടുന്ന ബസിൽ രണ്ടു പേർക്കുള്ള സീറ്റിൽ ഒരാൾക്കും മൂന്നു പേർക്കുള്ളസീറ്റിൽ രണ്ടു പേർക്കും ഇരിക്കാം. നിന്ന് യാത്ര അനുവദിക്കില്ല

*കാറിൽ ഡ്രൈവറെ കൂടാതെ രണ്ടു പേർ

*ബൈക്കിൽ ബന്ധുവിനെ ഒപ്പം കൂട്ടാം

*സൈക്കിൾ യാത്ര അനുവദിക്കും. നടന്നും പോകാം

*കാർഷിക ഉത്പന്നങ്ങളുമായി അന്തർജില്ലാ ഗതാഗതം

*ചരക്ക് ഗതാഗതത്തിന് ട്രെയിൻ, ലോറി സർവീസ്

നമ്പർ ക്രമം

രജിസ്ട്രേഷൻ ഒറ്റ അക്കത്തിൽ അവസാനിക്കുന്ന വാഹനങ്ങൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലും ഇരട്ട അക്കത്തിലുള്ളവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലും

2. സാധനങ്ങൾ വാങ്ങാൻ

* പലചരക്ക് മൊത്ത വിപണനശാലകൾ, പലചരക്ക് കടകൾ, റേഷൻ കടകൾ, പച്ചക്കറി, പഴം, പാൽ, ഇറച്ചി, മത്സ്യം വിൽക്കുന്ന കടകൾ, കാലിത്തീറ്റ കടകൾ എന്നിവ രാവിലെ 7 മുതൽ വൈകിട്ട് 7 വരെ

3. ധനകാര്യ സ്ഥാപനങ്ങൾ

*ബാങ്കുകൾ പതിവ് സമയത്തിലേക്ക് മടങ്ങും. എ.ടി.എം പ്രവർത്തിക്കും

* ഭവനവായ്പാ സ്ഥാപനങ്ങൾ, ആർ.ബി.ഐ അനുമതിയുള്ള സ്ഥാപനങ്ങൾ, ഷെയർ മാർക്കറ്റ്, വിപണന സ്ഥാപനങ്ങൾ

*ഇൻഷ്വറൻസ് സ്ഥാപനങ്ങൾ, സഹ. ബാങ്കുകൾ, കാർഷിക വികസന ബാങ്ക്, മറ്റു ധനകാര്യ സ്ഥാപനങ്ങൾ

4. ക്ളാസ്, പരീക്ഷ ഇല്ല

* സ്കൂൾ, കോളേജുകളും കോച്ചിംഗ് സെന്ററുകളും പ്രവർത്തിക്കില്ല. പരീക്ഷകൾ മേയ് 3ന് ശേഷം തീരുമാനിക്കും. അങ്കണവാടികളും പ്രവർത്തിക്കില്ല. ഒാൺലൈൻ കോഴ്സുകൾ നടത്താം

5. ചികിത്സ

*സ്വകാര്യ, സർക്കാർ ആശുപത്രികളിൽ ചികിത്സ പുനരാരംഭിക്കും. ടെലി മെഡിസിൻ സൗകര്യമുണ്ടാകും

*ലബോറട്ടറികൾ, ഫാർമസ്യൂട്ടിക്കൽസ്, ഡിസ്പെൻസറികൾ,

ക്ളിനിക്കുകൾ

* ആയുർവേദ, ഹോമിയോ, അലോപ്പതി മരുന്നു നിർമ്മാണ കമ്പനികൾ

6. തൊഴിൽ

*പത്ര, ദൃശ്യ മാദ്ധ്യമങ്ങൾ, ഡി.ടി.എച്ച് സ്ഥാപനങ്ങൾ, കേബിൾ സർവീസുകൾ, ഐ.ടി സ്ഥാപനങ്ങൾ

*കാൾ സെന്ററുകൾ, ഇ കൊമേഴ്സ് കമ്പനികൾ, കൊറിയർ സ്ഥാപനങ്ങൾ, കോൾഡ് സ്റ്റോറേജുകൾ

*സെക്യൂരിറ്റി ജീവനക്കാർ, ഇലക്ട്രീഷ്യൻ, പ്ളംബർ, ആട്ടോമൊബൈൽ മെക്കാനിക്, ആശാരിമാർ

* ഹോം നഴ്സ്, വീട്ടുവേലക്കാർ, കെട്ടിടനിർമ്മാണ സാധനങ്ങൾ വിൽക്കുന്ന കടയിലെ ജീവനക്കാർ

* ബാർബർ ഷോപ്പ് ശനിയും ഞായറും മാത്രം. കടയിൽ ഒരേസമയം രണ്ടു പേരിൽ കൂടരുത്

*ലൈഫ് വീട് നിർമ്മാണം, ശുചീകരണം. ഇതിൽ അന്യസംസ്ഥാന തൊഴിലാളികളെയും പങ്കെടുപ്പിക്കാം

* മീൻപിടിക്കാം, വിൽക്കാം.

ഹോട്ടൽ

* ഹോട്ടലുകൾ, ഹോം സ്റ്റേകൾ, ലോഡ്ജുകൾ എന്നിവ അത്യാവശ്യത്തിന് മാത്രം. റെസ്റ്റോറന്റുകൾ വൈകിട്ട് 7 വരെ. ടേക്ക് എവേ 8 വരെ

കൃഷി

* പാടത്ത് പണിയെടുക്കാം. കാർഷിക വിപണനസ്ഥാപനങ്ങൾക്കും പ്രവർത്തിക്കാം

* കാർഷിക സഹകരണ സംഘങ്ങൾ, കൃഷി ഉപകരണങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾ

* എണ്ണയാട്ടുമില്ലുകൾ, അരിമില്ലുകൾ, നെല്ലുകുത്തു മില്ലുകൾ

* തേയില, കാപ്പി, ഏലം, തെങ്ങ്, അടക്ക, കശുഅണ്ടി തോട്ടങ്ങൾ, സംസ്കരണ യൂണിറ്റുകൾ

* പശു, പന്നി ഫാമുകൾ, കോഴിവളർത്തൽ കേന്ദ്രങ്ങൾ ക്ഷീര സഹകരണ സംഘങ്ങൾ

തൊഴിലുറപ്പ് പദ്ധതി

* തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾ അഞ്ചു പേരിൽ കൂടാതെ നടത്താം

വ്യവസായസ്ഥാപനങ്ങൾ

മരുന്നു നിർമ്മാണ ഫാക്‌ടറികൾ, പ്രത്യേക സാമ്പത്തിക മേഖലയിലെ സ്ഥാപനങ്ങൾ, ഐ.ടി സ്ഥാപനങ്ങൾ, ഭക്ഷ്യസംസ്കരണ സ്ഥാപനങ്ങൾ, സ്റ്റീൽ, വളം ഫാക്ടറികൾ, കമ്പ്യൂട്ടർ നിർമ്മാണസ്ഥാപനങ്ങൾ, പാക്കിംഗ് സാധനങ്ങൾ ഉണ്ടാക്കുന്ന കമ്പനികൾ, ഇഷ്ടിക കളങ്ങൾ, തുണി നിർമ്മാണസ്ഥാപനങ്ങൾ, റബർ ഫാക്ടറികൾ, ഖാദി, ചെറുകിട വ്യവസായ യൂണിറ്റുകൾ, നോട്ട് ബുക്ക് നിർമ്മിക്കുന്ന സ്ഥാപനങ്ങൾ പ്രവർത്തിക്കും.

സർക്കാർ ഓഫീസ്

* സർക്കാർ ഒാഫീസുകൾ തിങ്കൾ മുതൽ വെള്ളിവരെ. ആരോഗ്യം, പൊലീസ്, ഹോംഗാർഡ്, സിവിൽ ഡിഫൻസ്, ഫയർ, ദുരന്തനിവാരണം, ജയിൽ, ലീഗൽ മെട്രോളജി, പഞ്ചായത്ത്, മുനിസിപ്പൽ ജീവനക്കാർ എത്തണം.

* മറ്റ് സർക്കാർ വകുപ്പുകളിൽ ക്ളാസ് 1, 2 ഒാഫീസർമാർ ജോലിക്കെത്തണം. ഗ്രൂപ്പ് 3, 4 ജീവനക്കാർ മൂന്നിലൊന്ന്

*പഞ്ചായത്തുകളിൽ മൂന്നിലൊന്ന് ജീവനക്കാർ എത്തിയാൽ മതി. സഹ. സ്ഥാപനങ്ങളിലും മൂന്നിലൊന്ന് പേർ

* ജില്ലാ ഭരണകേന്ദ്രം, ട്രഷറി, അക്കൗണ്ടന്റ് ജനറൽ എന്നിവിടങ്ങളിൽ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കണം

* വനം, മ്യൂസിയം, വന്യജീവി സങ്കേതം, പട്രോളിംഗ് ജീവനക്കാർ എത്തണം

7. പൊതുപരിപാടികൾ

*തിയേറ്ററുകൾ, മാളുകൾ തുറക്കരുത്. കലാപരിപാടികൾ, സമ്മേളനങ്ങൾ പാടില്ല

*പള്ളി, ക്ഷേത്രം, മോസ്‌ക് എന്നിവയിൽ ആൾക്കൂട്ടം അനുവദിക്കില്ല. മതാചാര ചടങ്ങുകളുമില്ല.

* മരണാന്തര ചടങ്ങ്, വിവാഹം തുടങ്ങിയവ ജില്ലാകളക്ടറുടെ അനുമതിയോടെ

ഇവ തുറക്കില്ല

ജിംനേഷ്യം, കായികമത്സരങ്ങൾ, നീന്തൽസ്ഥാപനങ്ങൾ, പാർക്കുകൾ, ബാറുകൾ