സംസ്ഥാനങ്ങൾക്ക് അടിയന്തരാവശ്യങ്ങൾക്ക് എടുക്കാവുന്ന വായ്പയുടെ പരിധി റിസർവ് ബാങ്ക് വീണ്ടും ഉയർത്തിയത് കേരളത്തിനും കുറച്ചൊക്കെ ആശ്വാസം നൽകുമെങ്കിലും സംസ്ഥാനം മുന്നോട്ടുവച്ചിരുന്ന പ്രധാന ആവശ്യം ഇപ്പോഴും അംഗീകരിക്കപ്പെടാതെ ശേഷിക്കുകയാണ്. സംസ്ഥാനത്തിന്റെ വായ്പാ പരിധി ഇപ്പോഴത്തെ മൂന്നു ശതമാനത്തിൽ നിന്ന് അഞ്ചു ശതമാനമായി ഉയർത്തണമെന്ന് കേരളം നേരത്തെ മുതൽ ആവശ്യപ്പെട്ടുവരികയാണ്. . റിസർവ് ബാങ്ക് വെള്ളിയാഴ്ച പ്രഖ്യാപിച്ച രണ്ടാം കൊവിഡ് ഉത്തേജക പാക്കേജ് ഒരുലക്ഷം കോടി രൂപയുടേതാണ്. ബാങ്കുകൾക്കും ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾക്കും കൂടുതൽ പണം ലഭ്യമാക്കി ആവശ്യമായ മേഖലകൾക്കെല്ലാം ഉദാരമായി വായ്പ ലഭ്യമാക്കുക എന്നതാണ് ഉദ്ദേശിക്കുന്നത്.മേയ് മൂന്നിന് ലോക്ക് ഡൗൺ പിൻവലിക്കപ്പെടുന്നതോടെ കൃഷിമേഖല പൂർണമായും പ്രവർത്തനസജ്ജമാകേണ്ടതുണ്ട്.

ബാങ്കുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും കുറഞ്ഞ പലിശയ്ക്ക് ആവശ്യക്കാർക്ക് വായ്പ നൽകണമെന്നാണു നിർദ്ദേശം. ലക്ഷ്യം നടപ്പാവുകയാണെങ്കിൽ അതിവേഗം താഴേക്കു കുതിച്ചുകൊണ്ടിരിക്കുന്ന വളർച്ചാസൂചിക വീണ്ടും മുന്നോട്ടു കൊണ്ടുവരാനാകും. വിപണിയിലെ ഗതിവിഗതികൾ വിലയിരുത്തി റിസർവ് ബാങ്ക് വീണ്ടും പുതിയ സാമ്പത്തിക പാക്കേജുമായി എത്തുമെന്ന സൂചനയുമുണ്ട്. കൊവിഡ് മഹാമാരിയുടെ വ്യാപനം എത്രത്തോളം പിടിച്ചുനിറുത്താനാവുമെന്നതിനെ ആശ്രയിച്ചാണ് ഇതിന്റെയെല്ലാം വിജയം കുടികൊള്ളുന്നത്. രോഗം തീവ്രമായി നിൽക്കുന്ന മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങൾ ഇപ്പോഴും വലിയ ഉത്കണ്ഠയാണ് സൃഷ്ടിക്കുന്നത്.

കേരളത്തെ സംബന്ധിച്ചിടത്തോളം റിസർവ് ബാങ്കിന്റെ പുതിയ പാക്കേജ് പ്രകാരം 729 കോടി രൂപയുടെ അധിക വായ്പയെടുക്കാനുള്ള സാഹചര്യം ലഭിച്ചിട്ടുണ്ട്. അത്രയും ആശ്വാസം. പക്ഷേ ചെലവുകളുടെ നീണ്ട പട്ടികയിലേക്കു നോക്കിയാൽ അന്തമില്ലാത്ത സ്ഥിതിയാണ്. ലോക്ക് ഡൗണിനെത്തുടർന്ന് മുഖ്യ വരുമാന മാർഗങ്ങളെല്ലാം അടഞ്ഞിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ഭാരിച്ച ചെലവുകൾ മറ്റൊരു വശത്ത് ഖജനാവിനെ ഞെരുക്കുന്നു. ഏപ്രിൽ മാസത്തെ ശമ്പളം നൽകാൻ മേയ് ഒന്നിന് പൂർണ തോതിൽ വായ്പ എടുക്കേണ്ട സ്ഥിതിയാണ്. മദ്യം, ലോട്ടറി, ഇന്ധനം എന്നിവയാണ് സംസ്ഥാന വരുമാനത്തിലെ മുഖ്യ ഇനങ്ങൾ. ലോക്ക് ഡൗണിൽ മദ്യം, ലോട്ടറി വില്പന പാടേ മുടങ്ങിയതോടെ ആയിനത്തിലുള്ള വരുമാനം നിലച്ചു. വാഹനങ്ങൾ റോഡിൽ ഇറങ്ങുന്നതിന് നിരോധനം വന്നതോടെ ഇന്ധന തീരുവ വഴിയുള്ള വരുമാനവും ഗണ്യമായി ഇടിഞ്ഞു. മറ്റു വരുമാന സ്രോതസുകളുടെ സ്ഥിതിയും ഇതുതന്നെ. വാണിജ്യ സ്ഥാപനങ്ങളും കടകളും പ്രവർത്തിക്കാതായതോടെ ജി.എസ്.ടി വരുമാനവും നിലച്ചിരിക്കുയാണ്. സാമ്പത്തിക പ്രതിസന്ധിയുടെ ഇപ്പോഴത്തെ നീർച്ചുഴിയിൽ നിന്ന് കരകയറാൻ വലിയ തോതിലുള്ള മാന്ത്രികവിദ്യ തന്നെ വേണ്ടിവരുന്ന ലക്ഷണമാണു കാണുന്നത്. വൻതോതിൽ വായ്പ എടുക്കേണ്ട സ്ഥിതിയിലേക്ക് സംസ്ഥാനം വീണ്ടും നീങ്ങുകയാണ്. കേന്ദ്രത്തിൽ നിന്നു ലഭിച്ച രണ്ടായിരം കോടിയും തനതു വരുമാനമായി ലഭിച്ച 250 കോടിയും വച്ചുകൊണ്ട് ആവശ്യങ്ങൾ നിറവേറ്റാനാകില്ല. മാസം പതിനായിരം കോടി രൂപയെങ്കിലും ഉണ്ടെങ്കിലേ മുട്ടില്ലാതെ കടന്നുപോകാനാവൂ. കൊവിഡ് സൃഷ്ടിച്ച അധിക സാമ്പത്തിക ഭാരമാണ് മറ്റൊന്ന്. കേന്ദ്രം ഉദാരമായി സഹായിച്ചില്ലെങ്കിൽ ഈ അധിക ഭാരവും സംസ്ഥാനം ഒറ്റയ്ക്കു ചുമക്കേണ്ടിവരും,

ലോക്ക് ഡൗൺ കാരണം സംസ്ഥാനത്തിന് ഈ മാസം പതിനയ്യായിരം കോടി രൂപയുടെയെങ്കിലും വരുമാന നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. വിപണി പഴയ നിലയിലെത്താൻ രണ്ടോ മൂന്നോ മാസമെങ്കിലും വേണ്ടിവരും. ഇതിനകമുണ്ടായ വരുമാന നഷ്ടം അപ്പോഴും നികത്തപ്പെടുമെന്നതിന് യാതൊരു ഉറപ്പുമില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വൻതോതിൽ സഹായമുണ്ടാവുകയും ജീവനക്കാരുടെ വിഹിതം ഉറപ്പാക്കുകയും ചെയ്താൽ തെല്ല് ആശ്വാസമാകും. എന്നിരുന്നാലും കവിഞ്ഞ തോതിൽ വായ്പ എടുത്താലേ ബാദ്ധ്യതകൾ തീർക്കാനാവൂ. ഈ പശ്ചാത്തലത്തിലാണ് ധനമന്ത്രി ഡോ. തോമസ് ഐസക്ക് ആദ്യം തൊട്ടേ സംസ്ഥാനത്തിന്റെ വായ്പാ പരിധി ഉയർത്തണമെന്ന ആവശ്യവുമായി കേന്ദ്രത്തെ സമീപിച്ചത്. നടപ്പുവർഷം 27130 കോടി രൂപയാണ് സംസ്ഥാനത്തിന്റെ വായ്പാ പരിധി. പരിധി അഞ്ചു ശതമാനമായി വർദ്ധിപ്പിക്കാൻ അനുവദിച്ചാൽ 18000 കോടി രൂപ കൂടി സമാഹരിക്കാൻ സംസ്ഥാനത്തിനാകും. നിലവിലെ പ്രത്യേക സാഹചര്യത്തിൽ കേന്ദ്രത്തിന് ഇതിന് അനുമതി നൽകാവുന്നതേ ഉള്ളൂ. പുതിയ സാമ്പത്തിക വർഷത്തിന്റെ ആദ്യമാസം തന്നെ ആറായിരത്തോളം കോടി രൂപ കടമെടുത്തു കഴിഞ്ഞു. ഈ മാസത്തെ ശമ്പളത്തിനും മറ്റുമായി അടുത്ത ഘട്ടം വായ്പ എടുക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. ദുരിതകാലത്ത് ജനങ്ങളിൽ പണമെത്തിച്ചാലേ സാമ്പത്തിക ഉത്തേജനം സാദ്ധ്യമാകൂ. റിസർവ് ബാങ്കിന്റെ രണ്ടു പാക്കേജുകളും പരോക്ഷമായേ ആ ലക്ഷ്യം നിർവഹിക്കുന്നുള്ളൂ. ലക്ഷം കോടിയുടെ ആദ്യ പാക്കേജിന്റെ പ്രയോജനം പൂർണമായും ലഭിച്ചത് വൻ വ്യവസായ മേഖലയ്ക്കാണ്. വായ്പകൾക്ക് മോറട്ടോറിയം നീട്ടണമെന്ന സാധാരണക്കാരുടെ ആവശ്യത്തോടു പോലും മുഖം തിരിഞ്ഞുനിൽക്കുന്ന ബാങ്കുകൾ പുതിയ സാമ്പത്തിക പാക്കേജ് എങ്ങനെയാകും കൈകാര്യം ചെയ്യുന്നതെന്നറിയാൻ കാത്തിരിക്കേണ്ടതുണ്ട്. അതിനിടയിൽ വായ്പാ പരിധി കൂട്ടണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രത്തിന്റെ കർണപുടങ്ങളിൽ പതിയാതെ പോവുകയാണ്. ഇതിന് അനുമതി തരാൻ തടസമുണ്ടെങ്കിൽ മഹാമാരി നേരിടുന്നതിനു വേണ്ടിവരുന്ന വൻ സാമ്പത്തിക ബാദ്ധ്യത മറികടക്കാനുള്ള മറ്റു വഴികൾ ചൂണ്ടിക്കാണിക്കുകയെങ്കിലും വേണം. സംസ്ഥാനങ്ങൾക്കായി കേന്ദ്രം പ്രഖ്യാപിച്ച 15000 കോടി രൂപയുടെ സാമ്പത്തിക പാക്കേജ് തുലോം അപര്യാപ്തമാണ്. ഓരോ സംസ്ഥാനത്തിന്റെയും ബാദ്ധ്യത കണക്കാക്കിയുള്ള പുതിയ പാക്കേജാണ് ആവശ്യം.