തിരുവനന്തപുരം: പൊള്ളുന്ന ചൂടിൽ സംസ്ഥാനത്തിന് ആശ്വാസമായി പരക്കെ വേനൽ മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. വൈകുന്നേരങ്ങളിൽ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വരുന്ന അഞ്ച് ദിവസത്തിനിടയ്ക്ക് സംസ്ഥാനത്തെ മലയോര പ്രദേശങ്ങളിൽ മഴയ്ക്കൊപ്പം ഇടിയോട് കൂടിയ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.
വടക്കു -പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ ഭാഗത്തും അതിനോട് ചേർന്നുള്ള പടിഞ്ഞാറ് ബംഗാൾ -ഒഡിഷ തീരത്തും മണിക്കൂറിൽ 45 മുതൽ 55 കി.മി വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണം. കഴിഞ്ഞ വർഷത്തെത്തേക്കാൾ കൂടുതൽ വേനൽ മഴ ഇത്തവണ ലഭിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മഴ ലഭിച്ചിരുന്നു.
വടക്ക് മഴകുറയും
സംസ്ഥാനത്തെ വടക്കൻ ജില്ലകളിൽ വേനൽ മഴയ്ക്ക് കുറവ് വരാൻ സാധ്യതയുണ്ട്. ഈ സ്ഥലങ്ങളിൽ ഊഷ്മാവ് വർദ്ധിക്കാനുള്ള സാധ്യതയുമേറയാണ്. കടലോര സംസ്ഥാനമായതിനാൽ ഉയർന്ന അന്തരീക്ഷ ആർദ്രത താപസൂചിക ഉയർത്തും.സൂര്യതാപം, സൂര്യാഘാതം തുടങ്ങിയ പ്രശനങ്ങളും ഉണ്ടാകാൻ ഇടയുള്ളതിനാലും ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്.
മാർച്ച് അവസാന വാരവും ഏപ്രിൽ ആദ്യ വാരവം ആയപ്പോൾ തന്നെ വേനൽ മഴ എത്തിയിരുന്നു.കനത്ത ചൂട് മൂലം രൂപപ്പെട്ട മേഘങ്ങളാണ് ഇപ്പോഴത്തെ മഴയ്ക്കുള്ള കാരണം.ജനുവരി,ഫെബ്രുവരി മാസങ്ങളിൽ 57 ശതമാനം മഴയുടെ കുറവ് രേഖപ്പെടുത്തി. മലയോര മേഖല ഒഴികെ ഈ മാസങ്ങളിൽ കുറവ് മഴയാണ് ലഭിച്ചത്.