dam

കാട്ടാക്കട: വേനൽ കടുത്തതോടെ നെയ്യാർ ഡാം റിസർവ്വോയർ വറ്റാൻ തുടങ്ങി. ഈ പ്രദേശങ്ങളിൽ പലയിടത്തും പരിസര വാസികൾ പച്ചക്കറി കൃഷി തുടങ്ങി.

വിശാലമായ റിസർവ്വോയറിൽ വെള്ളം ക്രമാതീതമായി കുറഞ്ഞതോടെ തീരത്തെ വീടുകളിലെ കിണറുകളും വറ്റിതുടങ്ങി. 84.75 മീറ്റർ പരമാവധി സംഭരണ ശേഷിയുള്ള നെയ്യാർ അണകെട്ടിലിപ്പോൾ 79മീറ്റർ ജലം മാത്രമേയുള്ളൂ. കഴിഞ്ഞ വർഷം ഇതേ സമയം 84.3മീറ്റർ ജലമാണ് നെയ്യാർ ജല സംഭരണിയിൽ ഉണ്ടായിരുന്നത്.

നെയ്യാറ്റിൻകര, കാട്ടാക്കട താലൂക്കുകളിലെ ശുദ്ധജല വിതരണത്തിന്റെ പ്രധാന ശ്രോതസാണ് നെയ്യാർ അണക്കെട്ട്.

വെല്ലുവിളയായി ജല ക്ഷാമം

മണലും, മാലിന്യങ്ങളും നീക്കി ഡാമിന്റെ പരമാവധി സംഭരണ ശേഷി നില നിർത്തണമെന്നും അപ്പർ ഡാം കെട്ടണമെന്ന ആവശ്യവും ഉപേക്ഷിച്ച മട്ടാണ്. അണക്കെട്ടിലെ ഇടത്–വലത് കര കനാലുകളെ ആശ്രയിച്ച് നിരവധി കുടിവെള്ള പദ്ധതികളുള്ളതിനാൽ കനാലിലെ ജലമൊഴുക്കിന് നിയന്ത്രണം വരുത്തുക സാദ്ധ്യമല്ല. മഴ ഇനിയും വൈകിയാൽ കാട്ടാക്കട, നെയ്യാറ്റിൻകര താലൂക്കുകളിലെ ജനങ്ങൾ വെള്ളത്തിനായി ബുദ്ധിമുട്ടും .

നെയ്യാറിൽ നിന്നുള്ള ജല വിതരണം മുടങ്ങിയാൽ കാളിപാറ പദ്ധതിയുടെ പ്രവർത്തനം പൂർണ്ണമായി നിലയ്ക്കും. കൂടാതെ നെയ്യാറിലെ വെള്ളത്തെ ആശ്രയിച്ച് മാത്രം കൃഷി നടക്കുന്ന ഹെക്ടർ കണക്കിന് കൃഷിയിടങ്ങളേയും ബാധിക്കും. നെയ്യാറിലെ ജലനിരപ്പ് കുറഞ്ഞാൽ ലോക്ക് ഡൗൺ കാലാവധി കഴിയുന്നതോടെ ബോട്ട് സവാരിയും നിർത്തിവയ്ക്കേണ്ടിവരും.