തിരുവനന്തപുരം: കാലവർഷം അടുത്തതോടെ ഇരമ്പിയാർക്കുന്ന കടലിനെ നെഞ്ചിടിപ്പോടെ നോക്കിയിരിക്കുകയാണ് വലിയതുറ നിവാസികൾ. കഴിഞ്ഞ രണ്ടുവർഷം കടലിന്റെ സംഹാരമായിരുന്നു. കിടപ്പാടമടക്കം എല്ലാം കടൽ കൊണ്ടുപോയി. കടലാക്രമണം തടയാൻ കാര്യമായ ശ്രമമില്ല. എപ്പോൾ വേണമെങ്കിലും കടലിന്റെ ഭാവം മാറാം, കൂറ്റൻ തിരമാലകൾ വീടുകളെ കടലിലേക്ക് വലിച്ചിടാം. ജനങ്ങളുടെ പ്രക്ഷോഭങ്ങളുടെ ഫലമായി കടൽഭിത്തി നിർമ്മാണം തുടങ്ങിയെങ്കിലും കൊവിഡിന്റെ പശ്ചാത്തലത്തിൽ നിറുത്തിവച്ചിരുന്നു. ഈ സമയത്ത് മാത്രം പൂർണമായി കടലെടുത്തുപോയത് പത്തോളം വീടുകളാണ്. ഇപ്പോൾ നിർമ്മാണം വീണ്ടും തുടങ്ങിയെങ്കിലും തിരമാലകളെ തടയാനാവുന്നില്ല. ഭിത്തിക്ക് മുകളിലൂടെ തിരമാല കരയിലെത്തുന്നു. വലിയതുറ പാലത്തിന് ഇടതുവശത്തുള്ള 157 മീറ്റർ ഭാഗത്തുള്ള കടൽഭിത്തിയുടെ നിർമ്മാണം ഉടനാരംഭിച്ചില്ലെങ്കിൽ മറ്റ് പ്രദേശങ്ങളിലേക്ക് കല്ലുമായെത്തുന്ന ലോറികളെ തടയുമെന്നാണ് പ്രദേശവാസികൾ പറയുന്നത്. കടൽഭിത്തി നിർമ്മാണത്തിന് ആവശ്യമായ കല്ല് തിങ്കളാഴ്ച മുതൽ എത്തിച്ചില്ലെങ്കിൽ സമര പരിപാടികളുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിഞ്ഞ രണ്ട് വർഷമായി കഴിയുന്നവരുണ്ട്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ചിലപ്പോൾ അധികൃതർ ഭക്ഷണമെത്തിക്കും ഇല്ലെങ്കിൽ ബന്ധുക്കൾ എത്തിക്കും ചിലർ ജോലിക്ക് പോകുന്നുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ കടലാക്രമണത്തിൽ ഏഴ് വീടുകൾ തകർന്നിരുന്നു. വീട് നഷ്ടപ്പെട്ടവരെ മാറ്റിപ്പാർപ്പിക്കാൻ ദുരിതാശ്വാസ ക്യാമ്പുകളിൽ ഇടമില്ല എന്നതും മറ്റൊരു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.