apr18a

ആറ്റിങ്ങൽ: കൊവിഡ് 19നെ തുടർന്ന് ലോക്ക് ഡൗണിലായ വിദ്യാർത്ഥികൾക്ക് ഓൺലൈൻ ആപ്ലിക്കേഷൻ വഴി ക്ലാസുകളും പരീക്ഷകളും നടത്തി ആറ്റിങ്ങൽ ഗവ. ഐ.ടി.ഐ സാധാരണപോലെ സജീവമായത് മാതൃകയായി. വിദ്യാർത്ഥികളും അദ്ധ്യാപകരും ആവേശത്തോടെയാണ് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നത്.

ഐ.ടി.ഐയിൽ വെക്കേഷൻ ഇല്ലാത്തതിനാൽ ഏപ്രിൽ മാസത്തിലും ക്ലാസ് നടക്കേണ്ടതായിരുന്നു. ലോക്ക് ഡൗൺ നീണ്ടു പോകുന്ന സാഹചര്യത്തിൽ വീട്ടിലിരുന്ന് ഓൺലൈനായി ക്ലാസുകളെടുക്കാൻ പ്രിൻസിപ്പൽ അദ്ധ്യാപകർക്ക് നിർദ്ദേശം നൽകിയതിനെ ത്തുടർന്നാണ് ഏപ്രിൽ ആദ്യവാരം തന്നെ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. വിജയിക്കുമോ എന്ന ആശങ്ക ഉണ്ടായിരുന്നെങ്കിലും രണ്ടു ദിവസമായപ്പോഴേയ്ക്കും എല്ലാവരും സജീവമായതോടെ അദ്ധ്യാപകർക്ക് ആത്മവിശ്വാസമായി.

ഗ്രൂപ്പ് ഇൻസ്ട്രക്ടർമാരും പ്രിൻസിപ്പലും ക്ലാസുകൾ ഓൺലൈനിലൂടെ വിലയിരുത്തുന്നതിനാൽ പഠനം മുൻപത്തേതിൽ നിന്നും മികവുറ്റതായെന്നാണ് രക്ഷിതാക്കളും പറയുന്നത്.

സൂം ആപ്പിലൂടെ എല്ലാ ജീവനക്കാരെയും പങ്കെടുപ്പിച്ചു കൊണ്ട് പ്രിൻസിപ്പൽ എ.ഷമ്മി ബേക്കറിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈൻ മീറ്റിംഗും മുൻക്കൂട്ടി നിശ്ചയിച്ച് നടത്തുന്നുണ്ട്. ഏപ്രിൽ 21 മുതൽ ഓൺലൈനായി മോഡൽ പരീക്ഷകൾ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. പ്രാക്ടിക്കൽ ഒഴികെയുള്ള ക്ലാസുകൾ കാര്യക്ഷമമായി നടന്നു വരുന്നതായി പ്രിൻസിപ്പൽ അറിയിച്ചു.

മൊബൈലും ലാപ്ടോപ്പും കംപ്യൂട്ടറുമെല്ലാം ഹരമായ ഈ കാലത്ത് കുട്ടികൾക്ക് ഓൺലൈൻ പഠനവും പരീക്ഷയും കൂടൂതൽ കരുത്ത് പകരുകയാണെന്നും ഓരോ വിദ്യാർത്ഥികളെയും ഓൺലൈൻ വഴി അടുത്തു കണ്ട് അവരുടെ സംശയങ്ങൾ പരിഹരിക്കാൻ കഴിയുന്നുണ്ടെന്നും ഇൻസ്ട്രക്ടർമാർ പറഞ്ഞു.