ശിവഗിരി: കൊറോണ എന്ന അതിസൂക്ഷ്മജീവി മനുഷ്യന് നൽകുന്നത് വീണ്ടുവിചാരത്തിന്റെ പാഠമാണെന്ന് ശ്രീ നാരായണധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. അണുശക്തിയുടെ ബലത്തിൽ ലോകം മുഴുവൻ കീഴടക്കാം എന്ന് അഹങ്കരിച്ചിരുന്ന രാഷ്ട്രത്തലവന്മാർ പോലും ഈ സൂക്ഷ്മകണത്തെ ഭയന്ന് നാലുചുവരുകൾക്കുള്ളിലായി. ട്രസ്റ്റിന്റെ ഔദ്യോഗിക ചാനലായ ശിവഗിരി ന്യൂസിൽ ഭക്തരോട് സംവദിക്കുകയായിരുന്നു അദ്ദേഹം.
തിരിച്ചറിവിന്റെ യൂണിവേഴ്സിറ്റിയായി മാറി ലോക്ക്ഡൗൺ കാലം. ഈ കാലത്തെ ഏറ്റവും വലിയ നേട്ടമായി കരുതാവുന്നത് മദ്യത്തിന്റെ ഉപഭോഗത്തിൽ വന്ന നിയന്ത്രണമാണ്. ഇന്ന് ആരോഗ്യപ്രവർത്തകർ പറയുന്ന ശുചിത്വവും സാമൂഹിക അകലവും ദശാബ്ദങ്ങൾക്കു മുൻപ് ഗുരുദേവൻ പഠിപ്പിച്ചിരുന്നു. പഞ്ചശുദ്ധിയും പഞ്ചകർമ്മവും അനുഷ്ഠിക്കാത്തതിന്റെ അനന്തരഫലമാണ് ഇപ്പോഴത്തെ വൈറസ് ആക്രമണം. പ്രകൃതിയെ മനസ്സിലാക്കാനും പ്രകൃതിജന്യ ഭക്ഷണം കൂടുതലായി ഉപയോഗിക്കാനും ഈ അടച്ചിടൽ കാലം നമ്മെ പഠിപ്പിക്കുന്നു. ഈ പ്രപഞ്ചത്തിൽ ആവശ്യമുള്ളതെല്ലാം ഈശ്വരൻ നൽകിയിട്ടുണ്ട്. മനുഷ്യന്റെ അടങ്ങാത്ത അത്യാഗ്രഹമാണ് ആപത്തുകളിൽ കൊണ്ട് ചെന്നെത്തിക്കുന്നത്. മനുഷ്യന് ആവശ്യങ്ങൾ ഒരിക്കലും തീരുന്നില്ല. എന്നാൽ ഇന്ന് എല്ലാവരും അവരവരുടെ ഭവനങ്ങളിലിരുന്ന് അന്നന്നത്തെ ആവശ്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നു. അഹിംസയാണ് പരമാത്മ ധർമ്മം. മനുഷ്യന്റെ ഉദരപൂർണതയ്ക്കുള്ളതാണ് സകലജീവജാലങ്ങളും എന്ന് കരുതുന്നത് മനുഷ്യത്വമല്ല, പാപമാണ്. ആ പാപത്തിന്റെ ഫലമാണ് നാം അനുഭവിക്കുന്നത്. - സ്വാമി വിശുദ്ധാനന്ദ പറഞ്ഞു.