ഇസ്ലാമാബാദ്: സർക്കാരിന്റെ വിലക്കുകൾ ലംഘിച്ച് പള്ളികളിൽ ഒത്തുകൂടാൻ ആഹ്വാനം ചെയ്യുന്ന പുരോഹിതൻമാരെ നിയന്ത്രിക്കാനാകാതെ പാകിസ്ഥാൻ. ഇതിനിടെ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 465 ആയി. 7,481 പേർക്കാണ് പാകിസ്ഥാനിൽ ഇതേവരെ രോഗം കണ്ടെത്തിയത്. 143 പേർ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചു.
പഞ്ചാബ് പ്രവിശ്യയിൽ 3,391 പേർക്കും സിന്ധിൽ 2,217 പേർക്കും ബലൂചിസ്ഥാനിൽ 335 പേർക്കും രോഗം സ്ഥിരീകരിച്ചു. ഇസ്ലാമാബാദിൽ മാത്രം 163 പേർക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. പാക് അധിനിവേശ കാശ്മീരിൽ രോഗികളുടെ എണ്ണം 48 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതേവരെ 92,548 പരിശോധനകൾ നടന്നതായും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാത്രം 6,416 പരിശോധനകൾ നടത്തിയതായും സർക്കാർ വ്യക്തമാക്കുന്നു.
എന്നാൽ പാകിസ്ഥാനിൽ രോഗവ്യാപനത്തിന്റെ തോത് വർദ്ധിച്ചു വരികയാണ്. പുരോഹിതന്മാരും വിശ്വാസികളും വിലക്കുകൾ വകവയ്ക്കാതെ പള്ളികളിൽ ഒത്തുകൂടുന്നതാണ് സർക്കാരിന് ഏറ്റവും വലിയ തലവേദന. പ്രസിഡന്റ് ആരിഫ് അൽവി കഴിഞ്ഞ ദിവസം പാകിസ്ഥാനിലെ മതനേതാക്കളുമായി ചർച്ച നടത്തിയിരുന്നു. രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി പള്ളികളിൽ കൂട്ടപ്രാർത്ഥന നടത്തുന്നതിനെതിരെ അൽവി ഇന്നും പാകിസ്ഥാനിലെ വിവിധ മേഖലകളിൽ നിന്നുള്ള പുരോഹിതൻമാരുമായി ചർച്ച തുടരും. പ്രധാനമന്ത്രി ഇമ്രാൻ ഖാനും പുരോഹിതൻമാരുമായി ചർച്ച നടത്തിയേക്കും. പാകിസ്ഥാനിലെ തബ്‌ലിഖി ജമാഅത്ത് സർക്കാർ നിർദ്ദേശങ്ങൾ അനുസരിക്കാൻ തയാറാണെന്ന് അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നിരവധി പേർ പള്ളികളിൽ ഒത്തുകൂടിയിരുന്നു. പലയിടത്തും ചെറിയ തോതിൽ പൊലീസും വിശ്വാസികളും തമ്മിൽ വാക്ക് തർക്കവും സംഘർഷവുമുണ്ടായി. അഞ്ചുപേർ മാത്രമേ പള്ളികളിൽ പ്രാർത്ഥനാച്ചടങ്ങുകളിൽ പങ്കാളികളാകാൻ പാടുള്ളുവെന്നാണ് പാക് സർക്കാർ പറഞ്ഞിരുന്നത്.