photo

വിതുര: വിതുരയിലെ ലോക്ക് ഡൗൺ കാലം കൂവിയിലയാണ് താരം. ആരും നോക്കാതെ ആദിവാസി മേഖലകളിൽ കാടുപോലെ വളർന്ന കൂവയില തേടി നാട്ടിൻപുറങ്ങളിൽ നിന്നും നിരവധി പേരാണ് ദിനവും എത്തുന്നത്. അന്യ സംസ്ഥാനങ്ങളിൽ നിന്നും വാഴയില ലോഡ് വരാതായതോടെ വിതുര തൊളിക്കോട് പഞ്ചായത്തുകളിലെ കമ്മ്യൂണിറ്റി കിച്ചണുകളിൽ ഭക്ഷണം പൊതിഞ്ഞ് നൽകുന്നത് ഇപ്പോൾ ഈ കൂവ ഇലയിലാണ്. ഇപ്പോൾ വനത്തിൽ നിന്നും കൂവയില ശേഖരിക്കാൻ പ്രത്യേകം സംഘങ്ങൾ തന്നെയുണ്ട്. വിതുര സാമൂഹിക അടുക്കളയ്ക്ക് വേണ്ടി സി.പി.ഐ അരുവിക്കര മണ്ഡലം സെക്രട്ടറി എം.എസ് റഷീദിന്റെ നേതൃത്വത്തിലാണ് കൂവയില എത്തിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ ഇവർ എത്തിച്ചതാകട്ടെ അയ്യായിരത്തോളം കൂവയിലകളാണ്. വിതുര പേപ്പാറയിൽ പ്രവർത്തിക്കുന്ന കാട്ടിലെ കടയിൽ വിനോദ സഞ്ചാരികളെ ആകർഷിക്കാൻ ഊണ് വിളമ്പുന്നതും പലഹാരങ്ങൾ പൊതിഞ്ഞ് നൽകുന്നതും ഈ കൂവയിലയിൽ തന്നെയാണ്.

ഗ്രാമീണ മേഖലകളിലെ ഭക്ഷണ ശാലകളിൽ മുൻപും ഭക്ഷണം വിളമ്പുന്നതും പൊതിഞ്ഞ് നൽകുന്നതും എല്ലാം കൂവ ഇലയിൽ തന്നെയായിരുന്നു. അന്ന് ആദിവാസി മേഖലകളിൽ വ്യാപകമായി കൂവ കൃഷി ചെയ്യാറുമുണ്ടായിരുന്നു. ഈ ഇലകൾ ശേഖരിച്ച് വില്പന നടത്തി ഉപജീവനമാർഗം കണ്ടെത്തിയ അദിവാസികളും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പിന്നീട് വാഴയിലയും മറ്റ് ഉത്പന്നങ്ങളും സ്ഥാനം പിടിച്ചതോടെ കൂവ ഇല പിൻതള്ളപ്പെട്ടു. ഇപ്പോൾ ആരും കൂവ കൃഷി ചെയ്യാതെയുമായി. എന്നാൽ ആദിവാസി ഊരുകളിൽ മിക്ക സ്ഥലത്തും കൂവ തഴച്ച് വളർന്ന് നിൽക്കുന്നത് കാണാം. ലോക്ക് ഡൗണിൽ വാഴയിലയും മറ്റും കിട്ടാതായതോടെയാണ് ആരും തിരിഞ്ഞുനോക്കാതെ കിടന്ന കൂവച്ചെടിയുടെ ഇലകൾ തേടി ആളുകൾ എത്താൻ തുടങ്ങിയത്.