salary-hike

തിരുവനന്തപുരം: കൊവിഡും ലോക്ക് ഡൗണും മൂലം ഉണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ പോംവഴി തേടുമ്പോൾ സാലറി ചലഞ്ചിനേക്കാൾ ഭേദം ഡി.എ കുടിശിക പിടിക്കുകയാണെന്ന അഭിപ്രായം ശക്തമാവുന്നു.

ജീവനക്കാരുടെ സംഘടനകൾ സാലറി ചലഞ്ചിനെ നിയമപരമായി നേരിട്ടാൽ സർക്കാരിന് ഒന്നും ചെയ്യാനാകില്ല. പിന്നെ ജീവനക്കാരുടെ സമ്മതത്തോടെ വാങ്ങാനേ കഴിയൂ.

ഡി.എ കുടിശിക പി.എഫിൽ ലയിപ്പിക്കുകയാണ് പതിവ്. കൈയിൽ കിട്ടാത്ത ആ തുക പിടിക്കുന്നതിനെ ജീവനക്കാർ കാര്യമായി എതിർക്കില്ല എന്നാണ് സർക്കാരിന്റെ വിശ്വാസം.

സാലറി ചലഞ്ചിൽ കഴിഞ്ഞ തവണ 53 ശതമാനം ജീവനക്കാ‌ർ മാത്രമാണ് പങ്കെടുത്തത്. ഭരണകക്ഷി യൂണിയനുകളുടെ പ്രേരണയോടൊപ്പം കുടുംബമായി കഴിയുന്ന ജീവനക്കാരെ സ്ഥലം മാറ്രം തുടങ്ങിയ സമ്മർദ്ദങ്ങളും പ്രയോഗിച്ചാണ് സാലറി ചലഞ്ചിൽ പങ്കാളികളാക്കിയത്. സ്ഥലം മാറ്ര സാദ്ധ്യതയില്ലാത്ത എയ്‌ഡഡ് സ്‌കൂൾ,​ കോളേജ് അദ്ധ്യാപകരൊന്നും ഇതിൽ പങ്കെടുത്തില്ല. ഡി.എ കുടിശികയാണെങ്കിൽ ആർക്കും ഒഴിഞ്ഞു മാറാൻ കഴിയില്ല. അടുത്ത ജൂൺ വരെയുള്ള ഡി.എ കൂടി കണക്കിലെടുത്താൽ 2500 കോടി രൂപയിലധികം സർക്കാരിന് ലാഭിക്കാം.

ഒരുദ്യോഗസ്ഥന്റെ കഴിഞ്ഞ വർഷം ജനുവരി മുതൽ ഈ ഏപ്രിൽ വരെയുളള ഡി. എ കുടിശിക അയാളുടെ ഒരു മാസത്തെ ശമ്പളത്തിനൊപ്പം വരും. 2019 ജനുവരി മുതൽ ജൂൺ വരെ 3 ശതമാനം, ജൂലായ് മുതൽ ഡിസംബർ വരെ 8 ശതമാനം, 2020 മുതൽ ഏപ്രിൽ വരെ 12 ശതമാനം എന്ന നിരക്കിലാണ് കുടിശിക കിട്ടേണ്ടത്. ഇതു പ്രകാരം 16,​500 രൂപ അടിസ്ഥാന ശമ്പളമുള്ള ഒരു ലാസ്റ്ര് ഗ്രേഡ് ജീവനക്കാരന് 19,​050 രൂപയാണ് ഏപ്രിൽ വരെ കുടിശിക കിട്ടേണ്ടത്. ജൂൺ വരെയാകുമ്പോൾ 4,​080 രൂപ കൂടി കൂടും. ഇപ്പോൾ ഇയാൾക്ക് 20 ശതമാനം ഡി.എയും ഇൻക്രിമെന്റും ഉൾപ്പെടെ 20,​400 രൂപയാണ് ശമ്പളമായി കിട്ടുന്നത്.

എന്നാൽ സാലറി ചലഞ്ചിന് പകരം പണമുണ്ടാക്കാൻ ഏത് മാർഗം സ്വീകരിക്കണം എന്ന് അടുത്ത മന്ത്രിസഭായോഗത്തിലേ തീരുമാനിക്കൂ. വിവിധ അഭിപ്രായങ്ങൾ സർക്കാർ വിശകലനം ചെയ്യുകയാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് മുമ്പ് ഗഡുക്കൾ തീരുന്ന വിധത്തിലായിരിക്കണം തിരിച്ചുപിടിക്കൽ എന്ന് പാർട്ടി നിർദ്ദേശം ഉണ്ടെന്നാണറിയുന്നത്.