തിരുവനന്തപുരം: കൊവിഡിന്റെ ശരാശരി നിരീക്ഷണ കാലയളവായി ലോകാരോഗ്യ സംഘടന നിശ്ചയിച്ച 14 ദിവസത്തിന് ശേഷവും സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചെങ്കിലും രോഗവ്യാപനത്തിന് അതിടയാക്കാത്തത് ആരോഗ്യ വകുപ്പിന്റെ ജാഗ്രത കൊണ്ടാണ്. വിദേശത്തു നിന്നെത്തുന്നവരുടെ നിരീക്ഷണ കാലവധി 28 ദിവസമാക്കി കേരളം തുടക്കത്തിലേ നിശ്ചയിച്ചതാണ് രക്ഷയായത്.
വൈറസുകളുടെ ഇൻക്വിബേഷൻ പിരീഡ് രണ്ടാഴ്ചയായതിനാലാണ് നിരീക്ഷണ കാലാവധി 14 ആയി നിശ്ചയിച്ചത്. എന്നാൽ വിദേശത്തുനിന്ന് എത്തിയ ചിലരിൽ 14 ദിവസത്തിനു ശേഷവും വൈറസ് സാന്നിദ്ധ്യം കണ്ടെത്തി. 20 ദിവസത്തിനു ശേഷമായിരുന്നു ലക്ഷണങ്ങൾ പ്രകടമായത്. മാർച്ച് 22നാണ് വിദേശത്തു നിന്നുള്ള അവസാന വിമാനം കേരളത്തിൽ എത്തിയത്. ഏപ്രിൽ 5ന് 14 ദിവസം പൂർത്തിയായി. എന്നാൽ, അവരിൽ 31 പേർക്ക് തുടർന്നുള്ള ദിവസങ്ങളിൽ കൊവിഡ് സ്ഥിരീകരിച്ചു.
രോഗപ്രതിരോധ ശേഷിയുള്ളവരിൽ 14 ദിവസത്തിനുള്ളിൽ ലക്ഷണങ്ങൾക്ക് സാദ്ധ്യത കുറവാണെന്ന കണക്കുകൂട്ടലിലാണ് ആരോഗ്യവകുപ്പ് നിരീക്ഷണ കാലവധി 28 ദിവസമാക്കിയത്. കൊവിഡ് ബാധിതരുമായി നേരിട്ട് ബന്ധപ്പെട്ടവർക്കും 28 ദിവസമാണ് നൽകുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർക്കും കൊവിഡ് ബാധിതരുടെ സമ്പർക്ക പട്ടികയിൽ സെക്കൻഡറി തലത്തിൽ വരുന്നവർക്കും 14 ദിവസമാണ് സംസ്ഥാനത്തും ബാധകം.
39 ദിവസം വരെ
വൈറസ് ഷെഡിംഗ്
ചെറിയൊരു ശതമാനം ആളുകളുടെ ശരീരത്തിൽ കൊവിഡ് പ്രവേശിച്ചാൽ 14 ദിവസത്തിനു ശേഷമാണ് രോഗലക്ഷങ്ങൾ ഉണ്ടാകുന്നതെന്ന് പഠനങ്ങൾ പറയുന്നു. രാജസ്ഥാൻ ഉൾപ്പെടെ ചില സംസ്ഥാനങ്ങളിൽ 14 ദിവസത്തിനുശേഷം പുറത്തിറങ്ങിയവർക്ക് പിന്നീട് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധിതരുടെ സ്രവങ്ങളിൽ 39 ദിവസം വരെ നീണ്ടുനിൽക്കുന്ന വൈറസ് ഷെഡിംഗ് ഉണ്ടാകാം. അതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത്.
'ഒരാളിൽ വൈറസ് എത്രത്തോളം കയറുന്നു, ശരീരം എങ്ങനെ പ്രതികരിക്കുന്നു ഇവയെ അടിസ്ഥാനമാക്കിയാണ് ഇൻക്വിബേഷൻ നടക്കുന്നത്. വൈറസ് സമൂഹത്തിൽ വ്യാപിച്ചു കഴിഞ്ഞാൽ ഇൻക്വിബേഷനിൽ സ്വഭാവികമായും വ്യതിയാനം സംഭവിക്കും.'
- ഡോ. ശ്രീകുമാർ, വൈറോളി വിഭാഗം ശാസ്ത്രജ്ഞൻ,
രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി