gulf-countries

ദുബായ്: രണ്ടായിരത്തിലേറെ പേർക്കുകൂടി പുതുതായി രോഗം സ്ഥിരീകരിച്ചതോടെ ഗൾഫിലെ കൊവിഡ് ബാധിതരുടെ എണ്ണം 22,000 കടന്നു. രണ്ട് മലയാളികൾ ഉൾപ്പെടെ 9 പേർ മരിച്ചു. എല്ലാ രാജ്യങ്ങളും കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ്. മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾ ആശങ്കയിലാണ്. പ്രവാസി തൊഴിലാളികൾക്കിടയിൽ രോഗം പടരുന്നത് ഭീതി വർദ്ധിപ്പിക്കുന്നു.

അബുദാബിയിൽ രണ്ട് മലയാളികൾ മരിച്ചു

അബുദാബിയിലാണ് രണ്ട് മലയാളികൾ മരിച്ചത്. 477 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 6302 ആയി. മരിച്ചത് 37 പേർ. 93 പേർ കൂടി രോഗമുക്തി നേടിയതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രോഗം ഭേദമായവരുടെ എണ്ണം 1188 ആയി.

ബഹ്റൈനിൽ രോഗികളിൽ 260 ഇന്ത്യക്കാർ

ബഹ്റൈനിൽ 125 ഇന്ത്യക്കാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 260 ആയി. ആറ് ഇന്ത്യക്കാർക്ക് രോഗം ഭേദമായി. കഴിഞ്ഞ ദിവസങ്ങളിൽ തൊഴിലാളി ക്യാമ്പുകളിൽ നടത്തിയ പരിശോധനയിലാണ് നിരവധി പ്രവാസികൾക്ക് രോഗം സ്ഥിരീകരിച്ചത്. ക്യാമ്പുകളിൽ തൊഴിലാളികൾ കൂട്ടമായി താമസിക്കുന്നതാണ് രോഗം വ്യാപിക്കാൻ ഇടയാക്കുന്നത്. പ്രവാസി തൊഴിലാളികളെ സ്കൂളുകളിലേക്കും മറ്റും മാറ്റിപ്പാർപ്പിക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. ബഹ്റൈനിൽ 1740 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 726 പേർക്ക് രോഗം ഭേദമായി.

കുവൈറ്റിൽ 64 ഇന്ത്യാക്കാർക്ക് കൊവിഡ്

കുവൈറ്റിൽ വെള്ളിയാഴ്ച 134 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 64 പേർ ഇന്ത്യക്കാരാണ്. ഇതോടെ കുവൈറ്റിലെ ആകെ രോഗികളുടെ എണ്ണം 1658 ആയി. രണ്ട് മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ ആകെ മരണം അഞ്ചായി. 58 വയസുള്ള കുവൈറ്റ് സ്വദേശിയും 69കാരനായ ഇറാൻ പൗരനുമാണ് മരിച്ചത്. വെള്ളിയാഴ്ച 33 പേർ കൂടി രോഗമുക്തരായതോടെ സുഖംപ്രാപിച്ചവരുടെ എണ്ണം 258 ആയി. ഇപ്പോൾ ചികിത്സയിലുള്ളത് 1395 പേരാണ്.

സൗദിയിൽ 762 പേർക്ക് കൂടി സ്ഥിരീകരിച്ചു

ഗൾഫ് മേഖലയിൽ ഇന്നലെ ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത് സൗദി അറേബ്യയിലാണ്. 762 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതുടെ എണ്ണം 7142 ആയി. കഴിഞ്ഞ ദിവസം നാലുപേരാണ് മരിച്ചത്. മരണസംഖ്യ 87 ആയി. 1049 പേർ സുഖംപ്രാപിച്ചു. ചികിത്സയിലുള്ളത് 6006 പേരാണ്. ഇതിൽ 74 പേരുടെ നില ഗുരുതരമാണെന്ന് സൗദ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൂടുതൽ രോഗികൾ ഖത്തറിൽ

ഗൾഫ് മേഖലയിൽ ഏറ്റവും കൂടുതൽ പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് ഖത്തറിലാണ്. ഇന്നലെ 56 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 4663 ആയി. രോഗം ഭേദമായവരുടെ എണ്ണം 464 ആണ്. വെള്ളിയാഴ്ച 49 പേരാണ് സുഖംപ്രാപിച്ച് ആശുപത്രികളിൽ നിന്ന് വീടുകളിലേക്ക് മടങ്ങിയത്. ചികിത്സയിൽ കഴിയുന്നത് 4192 പേരാണ്. ആകെ 60,000 ഓളം പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. പരിശോധന ഇനിയും വ്യാപകമാക്കാനുള്ള തീരുമാനത്തിലാണ് ഖത്തർ ആരോഗ്യ മന്ത്രാലയം. ഖത്തറിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് ഏഴുപേരാണ്.

ദുബായിൽ ലോക്ക്ഡൗൺ ഒരാഴ്ച കൂടി

ദുബായിൽ ദേശീയ അണുനശീകരണ ക്യാമ്പയിൻ ഒരാഴ്ചത്തേക്ക് കൂടി നീട്ടി. 24 മണിക്കൂറും അണുനശീകരണം നടത്തുന്നതിനാൽ ആളുകൾ പുറത്തിറങ്ങരുതെന്നാണ് നിർദേശം. ദുബായ് ഒരാഴ്ച കൂടി ലോക്ക് ഡൗണിലായി. ഏപ്രിൽ നാലിന് തുടങ്ങിയ അണുനശീകരണ പദ്ധതി വിജയമാണെന്ന് സുപ്രീം കമ്മിറ്റി ഫോർ ക്രൈസിസ് മാനേജ്മെന്റ് പറഞ്ഞു. ആളുകൾക്ക് അവശ്യ ഭക്ഷ്യസാധനങ്ങളും മരുന്നുകളും വാങ്ങാനായി പുറത്തിറങ്ങാം. അവശ്യസേവനങ്ങളായി കണക്കാക്കുന്ന ജോലികൾക്കായും പുറത്ത് പോകാം. നിയന്ത്രണങ്ങൾ ലംഘിക്കുന്നവർ കടുത്ത നിയമനടപടികൾ നേരിടേണ്ടിവരുമെന്നാണ് സർക്കാരിന്റെ മുന്നറിയിപ്പ്.