കിളിമാനൂർ: അവധിക്കാലം കുടുംബങ്ങളോടൊപ്പം ആഘോഷിക്കാൻ നാട്ടിലെത്തിയ പ്രവാസികൾ നിരീക്ഷണത്തിൽ പെട്ട് ഇടംവലം തിരിയാൻ അവസരം കിട്ടാതെ ധർമ്മസങ്കടത്തിൽ ആയെങ്കിലും നാടിന് വേണ്ടി അവരത് സന്തോഷത്തോടെ ഏറ്റെടുത്തു. നമ്മുടെ രാജ്യത്തിന്റ സമ്പദ് വ്യവസ്ഥയുടെ ഏറിയ പങ്കും പ്രവാസിയുടെ സംഭാവനയാണ്. ഈ ഒരു സമയത്ത് നമ്മൾ അവരെ ഏറെ കരുതലോടെ ചേർത്തുപിടിക്കേണ്ട സമയമാണ്. ജീവിത ചുറ്റുപ്പാടുകൾ മെച്ചപ്പെടുത്തുന്നതിനു വേണ്ടി നാടും വീടും വിട്ടു മണലാരണ്യത്തിൽ കഷ്ടപ്പെടുന്നവരെ നമ്മൾ ഈ കൊവിഡ് കാലത്ത് അകറ്റി നിറുത്തി വെറുക്കപ്പെട്ടവരായി കാണരുത്. വിദേശത്ത് നിന്നും നാട്ടിലെത്തിയ പ്രവാസികൾ ആദ്യ നിരീക്ഷണ കാലഘട്ടം ഒക്കെ കഴിഞ്ഞ് കുടുംബങ്ങളുമായി സന്തോഷത്തിലാണ്. നിരീക്ഷണകാലയളവിനെ ചൊല്ലിയുള്ള ഒരാധിയാണ് പലർക്കും, പതിനാല്, ഇരുപത്തി ഒന്ന് എന്നിങ്ങനെ വ്യക്തതകിട്ടാത്തതിന്റെ അസ്വസ്ഥതയും ഉണ്ട്. ഏതായാലും എത്ര ദിവസമായാലും ഇവർ അത് നാടിനും വീട്ടുകാർക്കും വേണ്ടി ഏറ്റെടുത്ത് കഴിഞ്ഞു. ചിലർ നിരീക്ഷണകാലയളവ് കഴിഞ്ഞ് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നു.