തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെത്തുടർന്ന് ലോക്ക് ഡൗണിന്റെ രണ്ടാം ഇന്നിംഗ്സ് പുരോഗമിക്കുമ്പോഴും പതിവുതിരക്കുകൾക്ക് അവധി കൊടുക്കാതെ മൂന്നുനേതാക്കൾ; സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
കോടിയേരി
അവൈലബിൾ സെക്രട്ടേറിയറ്റ്
വീട്ടിലിരുന്ന് ദിവസവും എ.കെ.ജി സെന്ററിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളുമായി ബന്ധപ്പെടുന്നു. ടെലഫോണിക് കോൺഫറൻസിലൂടെ അവൈലബിൾ സെക്രട്ടേറിയറ്റ്. എല്ലാ ജില്ലാ സെക്രട്ടറിമാരുമായും എല്ലാ സമയവും ബന്ധപ്പെട്ട് കൊണ്ടേയിരിക്കുന്നു. പാർട്ടികാര്യങ്ങളും കൊവിഡ് കാല സന്നദ്ധപ്രവർത്തനങ്ങളുമെല്ലാം മോണിറ്റർ ചെയ്യുന്നുണ്ട്. "വീട്ടിൽ ഞാനും ഭാര്യയുമേയുള്ളൂ. ചികിത്സയുമുണ്ട്. ഇടവേളകളിൽ വായനയ്ക്ക് സമയം കണ്ടെത്തുന്നു. പാർട്ടി സംബന്ധമായ റിപ്പോർട്ടുകൾ തന്നെ ഒരുപാടുണ്ട് നോക്കി തീർക്കാൻ. പാർട്ടി മുഖപത്രത്തിൽ പ്രതിവാര കോളമെഴുത്തുമുണ്ട് " - കോടിയേരി പറയുന്നു.
ഉമ്മൻചാണ്ടി
ഫോൺ വഴി പരാതി പ്രവാഹം
ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോഴേ തിരുവനന്തപുരത്ത് ജഗതിയിലെ വീട്ടിലായി. പുതുപ്പള്ളിയിലേക്ക് പോകാനാവുന്നില്ലെന്ന ഒരു വിഷമമാണുള്ളത്. വീട്ടിലെ ടെലഫോണിലേക്ക് പലരും ആവലാതികളുമായി വിളിക്കുന്നു. "ഒന്നാംഘട്ട ലോക്ക് ഡൗണിന് ശേഷം ഫേസ് ബുക് പോസ്റ്റിൽ, പരാതി അറിയിക്കാൻ വീട്ടിലെ ടെലഫോൺ നമ്പർ കൂടി നൽകിയതോടെ വിളികളുടെ പ്രവാഹമായി. പരാതികൾക്ക് പരിഹാരം കാണാനായി വിവിധ ഓഫീസുകളിലും മറ്റുമൊക്കെയായി എനിക്ക് വേറെയും കാളുകൾ വേണ്ടിവരുന്നു. വായനയ്ക്ക് പോയിട്ട് ആഹാരത്തിന് പോലും സമയമെവിടെ?" - ഉമ്മൻ ചാണ്ടി ചോദിക്കുന്നു.
കെ. സുരേന്ദ്രൻ
പ്രവാസികളുടെ ഹെൽപ്പ് ഡസ്ക്ക്
സംസ്ഥാനത്താകെ പാർട്ടി പ്രവർത്തകർ നടത്തുന്ന ദുരിതാശ്വാസപ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യുന്നു. മൂന്നു ദിവസത്തിലൊരിക്കൽ പാർട്ടി കോർഗ്രൂപ്പും ജില്ലാ, സംസ്ഥാന ഭാരവാഹികളുടെ യോഗവും ടെലഫോണിക് കോൺഫറൻസ് വഴി നടത്തുന്നു." പ്രവാസികളുടെ പ്രശ്നപരിഹാരത്തിനായി 24 മണിക്കൂർ ഹെൽപ്പ് ഡസ്ക് പാർട്ടി സംസ്ഥാന ആസ്ഥാനത്തുണ്ട്. അതിൽ വരുന്ന പരാതികൾക്ക് കൈയും കണക്കുമില്ല. വിദേശകാര്യ സഹമന്ത്രി കൂടി കേരള പാർട്ടിയുടെ ഭാഗമായുള്ളത് കാരണം വിവരങ്ങളെല്ലാം അങ്ങോട്ട് കൈമാറണം. ലോക്ക് ഡൗണിന്റെ ആദ്യത്തെ അഞ്ച് ദിവസം കോഴിക്കോട്ട് വീട്ടിലായിരുന്നു.പാർട്ടി ഭാരവാഹികളുമായുള്ള കോൺഫറൻസിംഗിന് സൗകര്യമില്ലാത്തതുകൊണ്ടാണ് തലസ്ഥാനത്തേക്ക് വന്നത് "- കെ. സുരേന്ദ്രൻ പറയുന്നു.