തിരുവനന്തപുരം: ന്യായവില ലഭിക്കാത്തതുകാരണം വിഴിഞ്ഞത്ത് നിറുത്തിവച്ച മത്സ്യബന്ധനവും വിപണനവും ഇതുവരെ പുനരാരംഭിച്ചിട്ടില്ല. മീൻ ലേലം ചെയ്‌ത് വിൽക്കാൻ അനുവദിക്കാത്തതിനെ തുടർന്നാണ് ഇവിടെ കച്ചവടം നിറുത്തിവച്ചത്. എന്നാൽ കൊല്ലത്ത് മത്സ്യത്തൊഴിലാളികൾ ഹാപ്പിയാണ്. മീനിന് വില കൂട്ടി നൽകിയതിനാൽ ഇവിടെ സാധാരണരീതിയിൽ മത്സ്യവിപണനം നടക്കുന്നു. ഈ രീതി വിഴിഞ്ഞത്തും പിന്തുടരണമെന്നാണ് ആവശ്യം. ആൾക്കൂട്ടം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ലേലം അനുവദിക്കാൻ കഴിയില്ലെന്നാണ് ഫിഷറീസ് വകുപ്പിന്റെ തീരുമാനം. ഇതിനുപകരമായി ഓരോ ദിവസവും മത്സ്യങ്ങൾക്ക് വിലയിട്ട് മത്സ്യഫെഡ് അധികൃതർ മുഖേന വിപണനം നടത്താനുള്ള പദ്ധതി കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചിട്ടുണ്ട്. ഒരു ദിവസം ഉച്ചയ്ക്ക് 12ന് വില നിശ്ചയിച്ച് പിറ്റേന്ന് ഉച്ചയ്‌ക്ക് 12 വരെ ആ തുകയിൽ മത്സ്യം വാങ്ങുന്ന രീതിയിലാണ് പദ്ധതി. പൂന്തുറയിൽ വെള്ളിയാഴ്ച മുതൽ ഇത്തരത്തിലാണ് മത്സ്യവിപണനം. ഇത്തരത്തിൽ വിഴിഞ്ഞത്തും ന്യായവില നൽകി മത്സ്യം ഏറ്റെടുത്താൽ ജില്ലയിലെ മീൻ ക്ഷാമത്തിന് പരിഹാരമാകുമെന്നാണ് കണക്കുകൂട്ടൽ.
കൊല്ലത്ത് നടപ്പാക്കിയത്
------------------------------------------------
മത്സ്യത്തൊഴിലാളികളുടെ അഭ്യർത്ഥനപ്രകാരം വള്ളങ്ങളെത്തിക്കുന്ന മീനുകളുടെ വില കൂട്ടി നിശ്ചയിക്കുകയാണ് കൊല്ലത്ത് ഹാർബർ മാനേജ്മെന്റ് കമ്മിറ്റി ചെയ്‌തത്. മുമ്പ് ലേലം നടക്കുമ്പോൾ വാങ്ങാനെത്തുന്നവർ മത്സരിച്ച് വിളിച്ച് മീനിന് നല്ല വില ലഭിക്കുമായിരുന്നു. ലോക്ക് ഡൗൺ വന്നതിന് ശേഷം കിലോയ്ക്ക് ഇത്ര തുക എന്ന രീതിയിൽ നിശ്ചയിച്ചതിനാൽ നിശ്ചിത തുക മാത്രമേ മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചിരുന്നുള്ളൂ. ഇത് വ്യാപകമായ പരാതിക്ക് ഇടയാക്കി. നെയ്‌മീൻ, ചൂര, ചാള തുടങ്ങിയ ഇനങ്ങളുടെ വിലയാണ് പ്രധാനമായും വർദ്ധിപ്പിച്ചത്. തുടർന്ന് കിലോയ്ക്ക് 120 മുതൽ 200 രൂപ വരെ ഉയർന്നു. മീനിന് വില ഉയർത്തുമ്പോൾ മത്സ്യം വാങ്ങിക്കുന്നവരുടെ പോക്കറ്റ് കാലിയാകുമെന്ന ആക്ഷേപവുമുണ്ട്.
''
മത്സ്യത്തൊഴിലാളികൾക്ക് നഷ്ടം വരാത്ത രീതിയിലുള്ള വില നൽകാനാണ് ശ്രമം. ഓരോ ദിവസവും വില പുതുക്കി നിശ്ചയിക്കുന്നതിനാൽ മത്സ്യലഭ്യതയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലിനനുസരിച്ച് വിലയിലും മാറ്റങ്ങൾ വരുത്താൻ സാധിക്കും. വിഴിഞ്ഞം തീരത്തും പദ്ധതിയെപ്പറ്റി ചർച്ച ചെയ്‌തിട്ടുണ്ട്. ദിവസങ്ങൾക്കുള്ളിൽ മത്സ്യവിപണനം സാദ്ധ്യമാക്കാനാകുമെന്നാണ് പ്രതീക്ഷ.
- ബീന സുകുമാർ. പി, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ