k-surendran

തിരുവനന്തപുരം: സ്‌പ്രി‌ൻക്ലർ ഇടപാടിൽ സർക്കാരിന്റെ പങ്ക് മൂടിവയ്ക്കാനുള്ള നീക്കമാണ് ഐ.ടി സെക്രട്ടറി ശിവശങ്കർ നടത്തുന്നതെന്നും എല്ലാം ഉദ്യോഗസ്ഥ തലത്തിൽ ചെയ്തതാണെന്ന് വരുത്തി രക്ഷപ്പെടാനാണ് സർക്കാർ ശ്രമമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ആരോപിച്ചു. ശിവശങ്കർ സെക്രട്ടറിയായ ശേഷം ഐ.ടി വകുപ്പിൽ നടന്നിട്ടുള്ള എല്ലാ ഇടപാടുകളെ കുറിച്ചും അദ്ദേഹത്തിന്റെ വിദേശയാത്രകളെ കുറിച്ചും വിശദമായ അന്വേഷണം വേണം. ഐ.ടി സെക്രട്ടറിയുടെ പ്രവർത്തനങ്ങളിലാകെ ദുരൂഹതയുണ്ട്. എല്ലാം തന്റെ വിവേചനാധികാരത്താൽ താൻ മാത്രം ചെയ്തതാണെന്ന ഐ.ടി സെക്രട്ടറിയുടെ വാദം ഉന്നതരെ രക്ഷിക്കാനാണ്. കേരളത്തിലെ ഐ.ടി സംവിധാനങ്ങളെ വിശ്വാസത്തിലെടുക്കാനോ വികസിപ്പിക്കാനോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലാത്ത ഐ.ടി സെക്രട്ടറിയുടെ വിദേശ രാജ്യങ്ങളിലെ കുത്തകകളോടുള്ള സ്‌നേഹമാണിപ്പോൾ പുറത്തു വന്നിരിക്കുന്നത്. കോടികളുടെ അഴിമതി ഇതിനു പിന്നിലുണ്ടെന്ന് പകൽ പോലെ വ്യക്തമാണെന്നും സുരേന്ദ്രൻ പറഞ്ഞു.