തിരുവനന്തപുരം : ഇത് അഞ്ചാംക്ളാസുകാരന്റെ കോവിഡ് ചിത്രങ്ങളാണ്. പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും മറ്റ് മന്ത്രിമാരുടെയും ഒക്കെ ഗ്രാഫിക് ചിത്രങ്ങൾ. പലരും പലതും ഈ ലോക്ക് ഡൗൺ കാലത്ത് പരീക്ഷിക്കുമ്പോൾ ശ്രാവൺ എന്ന ഈ കൊച്ചുകാലകാരന്റെ മനസിൽ വിടർന്നത് കൊവിഡ് രോഗ ബോധവത്കരണത്തെക്കുറിച്ചുള്ള ഗ്രാഫിക് ചിത്രങ്ങൾ. മൊബൈൽ ഫോണിലെ ഗ്രാഫിക് ആപ്പ് ഉപയോഗിച്ച് വിവിധ തരത്തിലുള്ള ഗ്രാഫിക് ചിത്രങ്ങളാണ് ശ്രാവൺ എന്ന പിതനൊന്നുകാരൻ രൂപപ്പെടുത്തിയെടുക്കുന്നത്. നരുവാമൂട് ചിന്മയ വിദ്യാലയത്തിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ് ശ്രാവൺ. ലോക്ക് ഡൗൺ കാലത്തെ സർക്കാർ ജാഗ്രത നിർദ്ദേശങ്ങളും കൊവിഡ് രോഗത്തിന്റെ പ്രതിരോധങ്ങളും ഉൾപ്പെടുന്ന ഗ്രാഫിക്കൽ ചിത്രങ്ങളാണ് ഈ അഞ്ചാം ക്ളാസുകാരന്റെ കരവിരുതിൽ പറവികൊള്ളുന്നത്. ഗ്രാഫിക്സ് മുമ്പേ ചെയ്യതിരുന്നുവെങ്കിലും ലോക്ക് ഡൗൺ സമയത്താണ് കൂടുതൽ സജീവമായത്. സെക്യൂരിറ്റി സിസ്റ്റംസ് ഉദ്യോഗസ്ഥനായ പിതാവ് സജിയും ലാബ് ടെക്നീഷ്യനായ മാതാവ് രോഹിണിയും ശ്രാവണ് വേണ്ട പ്രോത്സാഹനം നൽകുന്നുണ്ട്.
ഗ്രാഫിക്സ് പഠിച്ചത്
സ്മാർട്ട്ഫോണിന്റെ സഹായത്തോടെ പിക്സൽ ലാബ് എന്ന ആപ്പ് ഉപയോഗിച്ചാണ് ശ്രാവൺ ഗ്രാഫിക് ചിത്രങ്ങൾ വരയ്ക്കുന്നത്. യൂ ട്യൂബിലെ വീഡിയോകൾ നോക്കിയാണ് ഗ്രാഫിക്കൽ വര പഠിച്ചത്. ആദ്യമൊക്കെ പ്രയാസമുണ്ടായിരുന്നുവെങ്കിലും പിന്നീട് എളുപ്പത്തിൽ നല്ല ചിത്രങ്ങൾ തയ്യാറാക്കും. സോഷ്യൽമീഡിയയിലും പൊതുസ്ഥലങ്ങളിലും ചിത്രങ്ങൾ ഇതുവരെ ശ്രാവൺ പ്രദർശിപ്പിച്ചിട്ടില്ല. സ്കൂളിലെ കൂട്ടുകാർക്കും അടുത്ത ബന്ധുക്കൾക്കും വാട്സ്ആപ്പ് മുഖേന മാത്രം അയച്ചു കൊടുക്കാറുണ്ട്. ഭാവിയിൽ ഒരു ഗ്രാഫിക്ക് ഡിസൈനറാകാനാണ് ശ്രാവണിന്റെ ആഗ്രഹം.
ഹോബി
പാചകത്തിലും താത്പര്യമുണ്ട്. പാചക വീഡിയോ ചെയ്യുന്നതിനു വേണ്ടി സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്.