തിരുവനന്തപുരം: കൊവിഡ് അവലോകന യോഗങ്ങൾ ചേരുന്ന ദിവസങ്ങളിൽ മുഖ്യമന്ത്രി വീണ്ടും പത്രസമ്മേളനം നടത്തും. അടുത്ത അവലോകനയോഗം നടക്കുന്ന തിങ്കളാഴ്ച വൈകിട്ട് 6ന് പതിവ് വാർത്താസമ്മേളനം നടത്തും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അവലോകന യാേഗങ്ങൾക്കുശേഷം എല്ലാ ദിവസവും മുഖ്യമന്ത്രി പത്ര സമ്മേളനം നടത്തിയിരുന്നു.വ്യാഴാഴ്ച വൈകിട്ട് വാർത്താസമ്മേളനം അവസാനിപ്പിച്ചപ്പോഴാണ് എല്ലാ ദിവസവും നമ്മൾക്കിങ്ങനെ ഇരിക്കേണ്ട, ഇടവിട്ട ദിവസങ്ങളിൽ ആവശ്യമുണ്ടെങ്കിൽ കാണാം എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. എന്നാൽ, കേരളത്തിന്റെ രാഷ്ട്രീയാന്തരീക്ഷത്തിൽ ഇപ്പോൾ കത്തിക്കൊണ്ടിരിക്കുന്ന സ്പ്രിൻക്ളർ ഡേറ്റാ വിവാദമാണ് മുഖ്യമന്ത്രിയെ വാർത്താസമ്മേളനത്തിൽ നിന്ന് പിന്തിരിപ്പിച്ചതെന്ന പ്രചാരണം പ്രതിപക്ഷകേന്ദ്രങ്ങളിൽ നിന്നുണ്ടായി. രാഷ്ട്രീയപ്പോരിൽ ഇത് തങ്ങളുടെ വിജയമായി പ്രതിപക്ഷം വിലയിരുത്തി. ഇതോടെയാണ് കൊവിഡ് അവലോകന വാർത്താസമ്മേളനം നിറുത്തുന്നില്ലെന്ന സൂചന മുഖ്യമന്ത്രി നൽകിയത്. പുതിയ പോസിറ്റീവ് കേസുകൾ കുറയുകയും കൂടുതൽപേർ രോഗമുക്തി നേടുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള അവലോകന യോഗങ്ങൾ കുറച്ചത്. ഇതിന്റെ ഭാഗമായാണ് പത്രസമ്മേളനങ്ങൾ വേണ്ടെന്നുവച്ചതെന്ന് ബന്ധപ്പെട്ടവർ പറയുന്നു.