പൂവാർ: റേഷൻ ഭക്ഷ്യധാന്യ പൊതുവിതരണത്തിനായുള്ള കിടാരക്കുഴിയിലെ റേഷൻ ഡിപ്പോ പൂട്ടാനുള്ള ശ്രമം ഉപേക്ഷിക്കണമെന്ന് സപ്ലൈകോയോട് കേരളാ സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. യാതൊരുവിധ മുന്നൊരുക്കങ്ങളും നടത്തിയിട്ടില്ലാത്തതിനാൽ നെയ്യാറ്റിൻകര താലൂക്കിലെ റേഷൻ വിതരണം അലങ്കോലപ്പെടുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. അമരവിള, പള്ളിച്ചൽ വെയർ ഹൗസ്സുകളിലെ തൊഴിലാളികളെ ഉപയോഗിച്ച് റേഷൻ സാധനങ്ങളുടെ കയറ്റിറക്ക് നടത്താമെന്ന് അധികൃതർ പറയുന്നുണ്ടെങ്കിലും അത് പ്രായോഗികമല്ലന്നാണ് വ്യാപാരികൾ പറയുന്നത്. കിടാരക്കുഴി, പള്ളിച്ചൽ ഡിപ്പോകൾ സ്വകാര്യ കെട്ടിടങ്ങളിലാണ് പ്രവർത്തിക്കുന്നത്. ഭക്ഷ്യ പൊതുവിതരണ വകുപ്പ് അനുശാസിക്കുന്ന ശാസ്ത്രീയമായ സൗകര്യങ്ങൾ ഇല്ലാത്തതാണ് പൂട്ടലിന് കാരണമെന്ന് അധികൃതർ പറയുന്നു. നാല് ഡിപ്പോകളും പ്രവർത്തിച്ചിരുന്നപ്പോൾ എല്ലാമാസവും അവസാനമാണ് താലൂക്കിലെ റേഷൻ വിതരണം പൂർത്തിയാകുന്നത്. ചില മാസങ്ങളിൽ അതിന്റെ അടുത്ത മാസവും നീളാറുണ്ട്. പ്രളയകാലത്ത് സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഡിപ്പോകളിൽ വെള്ളം കയറി ഭഷ്യധാന്യങ്ങൾ നശിച്ചുപോയിരുന്നു. ഇതിനെ തുടർന്ന് അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഡിപ്പോകൾ പൂട്ടാൻ സപ്ലൈകേ ഉത്തരവിറക്കിയിരുന്നത്. ആയതിനാൽ കിടാരക്കുഴിയിലെ ഡിപ്പോ പൂട്ടാനുള്ള ശ്രമം ഉപേക്ഷിക്കണമെന്നും പാറശാലയിൽ ഒരു സബ്ബ്ഡിപ്പോ കൂടെ അനുവധിക്കണമെന്നും കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ താലൂക്ക് പ്രസിഡന്റ് തിരുപുറം ശ്രീകുമാർ, ജനറൽ സെക്രട്ടറി മംഗലത്തുകോണം മോഹൻ, ശശികുമാർ, ബാബു ചന്ദ്രനാഥ് തുടങ്ങിയവർ ആവശ്യപ്പെട്ടു.