ku

ന്യൂഡൽഹി: കൊവിഡിനെ തടയാൻ കുഷ്ഠരോഗത്തിനെതിരെയുളള വാക്സിൻ ഉപയോഗിച്ച് പുതിയപരീക്ഷണത്തിനൊരുങ്ങുകയാണ് ഒരുപറ്റം ഇന്ത്യൻ ശാസ്ത്രജ്ഞർ. കുഷ്ഠ രോഗത്തെ പ്രതിരോധിക്കാൻവേണ്ടി ഉപയോഗിക്കുന്ന എം.ഡബ്ല്യൂ വാക്സിനാണ് കൊവിഡിനെ പിടിച്ചുകെട്ടാൻ സഹായകമാകുമോ എന്ന് പരീക്ഷിക്കാൻ ഒരുങ്ങുന്നതെന്ന് കൗൺസിൽ ഒഫ് സയന്റിഫിക് ഇൻഡസ്ട്രിയൽ റിസർച്ച് അറിയിച്ചു.

കുഷ്ഠരോഗത്തിനെതിരെ ഫലപ്രദമായി ഉപയോഗിക്കപ്പെട്ട എം.ഡബ്ല്യൂ വാക്സിനിൽ ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യയുടെ അനുവാദത്തോടെ പരീക്ഷണങ്ങൾ ആരംഭിച്ചുകഴിഞ്ഞു. വാക്സിൻ നിർമ്മിക്കുക എന്നത് ഒരു നീണ്ട പ്രക്രിയയാണ്. ഗവേഷണങ്ങൾ പുരോഗമിക്കുകയാണ്. രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്ന വാക്സിനുമായി ബന്ധപ്പെട്ടാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. രണ്ട് ഇടങ്ങളിൽനിന്നുള്ള അനുവാദം കൂടി ലഭിക്കാനുണ്ട്. അതുകൂടി ലഭിച്ചാൽ ഞങ്ങൾ ട്രയൽ ആരംഭിക്കും. അടുത്ത ആറാഴ്ചയ്ക്കകം ഫലം അറിയാൻ സാധിക്കുമെന്ന് സി.എസ്‌.ഐ.ആർ ഡയറക്ടർ ജനറൽ ശേഖർ മാണ്ഡെ വ്യക്തമാക്കി.

കൊവിഡിന് ഒരു പ്രതിരോധ വാക്സിൻ വികസിപ്പിച്ചെടുക്കാൻ ഏറ്റവും കുറഞ്ഞത് 12 മാസമെങ്കിലും വേണ്ടിവരുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. നിലവിൽ 22 ലക്ഷത്തോളം പേരെ ബാധിച്ചതും 1.5 ലക്ഷത്തോളം പേരുടെ ജീവൻ കവർന്നതുമായ കൊവിഡിനെ പിടിച്ചുകെട്ടാനുള്ള വാക്സിൻ വികസിപ്പിക്കുന്നതിലുള്ള പ്രവർത്തനങ്ങളിലാണ് യുഎസ്, ചൈന ഉൾപ്പെടെയുള്ള പല ലോകരാജ്യങ്ങളും. ആ നിരിയിലേക്കാണ് ഇന്ത്യയും വരുന്നത്. ഇന്ത്യയിൽ ഇതുവരെ 480 പേർ കൊവിഡ് ബാധിച്ചു മരിച്ചു. 13,000 ലധികം പേർക്ക് രോഗബാധിച്ചു.