crime
ക്യാപ്ഷൻ:വിനീഷ്,​ ഫോറൻസിക് പരിശോധന നടത്തുന്നു

കഴക്കൂട്ടം: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിക്കുനേരെ ആസിഡ് ആക്രമണം.മുഖത്തും നെഞ്ചിലും ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കൽ കാേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ടെക്നോപാർക്കിലെ ശുചീകരണ ജീവനക്കാരിയായ മംഗലപുരം ‌ടെക്നോസിറ്റിക്കടുത്ത് കാരമൂട് തലയ്ക്കോണം വിളയിൽ വീട്ടിൽ ശശികലയ്ക്കാണ് (39)​ പരിക്കേറ്റത്. ഇന്നലെ പുലർച്ചെ മൂന്നിന് കിടപ്പുമുറിയുടെ ജനൽ ഗ്ലാസ് പൊട്ടിച്ച് ആസിഡ് ഒഴിക്കുകയായിരുന്നു. പോത്തൻകോട് കൊയ്‌ത്തൂർക്കോണം വിനീഷ് ഭവനിൽ വിനീഷിനെ (34) മംഗലപുരം പൊലീസ് അറസ്റ്റുചെയ്തു. വിനീഷ് കൂലിപ്പണിക്കാരനാണ്. യുവതിയുടെ വീട്ടിൽ മുൻപ് ജോലിക്കെത്തിയിരുന്നു. മുഖത്ത് ആസിഡൊഴിക്കുമെന്ന് വിനീഷ് ഫോണിലൂടെ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന് ശശികല മൊഴി നൽകി.

അഞ്ചു വർഷമായി ഭർത്താവുമായി അകന്നു കഴിയുന്ന ശശികലയുടെ വീട്ടിൽ പതിനഞ്ചുകാരനായ മകനും വൃദ്ധയായ അമ്മയും മാത്രമായിരുന്നു.

യുവതിയുടെ നിലവിളി കേട്ട് ഉണർന്ന മകൻ അലറിവിളിച്ച് അടുത്ത വീട്ടിലെത്തി വിവരം പറയുകയായിരുന്നു. പിന്നാലെ പൊള്ളലേറ്റ നിലയിൽ ശശികലയുമെത്തി. അയൽവാസികളാണ് ആശുപത്രിയിലെത്തിച്ചത്. കിടക്കവിരിയും ശശികലയുടെ വസ്ത്രങ്ങളും ആസിഡ് വീണ് ഉരുകിയ നിലയിലായിരുന്നു. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്കോഡും പരിശോധന നടത്തി. 30 ശതമാനത്തോളം പൊള്ളലേറ്റ നിലയിലാണ്.

മംഗലപുരം പൊലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി മൊഴിയെടുത്തു. തുടർന്നാണ് വിനീഷിനെ അയാളുടെ വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തത്. യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് രേഖപെടുത്തി.

വിനീഷ് യുവതിയുടെ വീട്ടിൽ ജോലിക്കെത്താറുണ്ടായിരുന്നു. ഇടയ്ക്ക് വച്ച് യുവതിയുമായി പിണങ്ങി. നാലു മാസം മുൻപ് ശശികലയുടെ അമ്മയെ മർദ്ദിച്ചതിന് വിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കിയിരുന്നു. അതിനുശേഷം ഇവിടേക്ക് വരാറില്ലായിരുന്നു.