തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ മറവിൽ സ്‌പ്രിൻക്ളർ കമ്പനിയുമായി നടത്തിയ ഡേറ്റാ ഇടപാടിനെ കുറിച്ച് സി.ബി.ഐ അന്വേഷിക്കണമെന്നും ലാവ്‌ലിനേക്കാൾ ഗുരുതരമായ അഴിമതി നടന്ന പശ്ചാത്തലത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ രാജി വയ്ക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഈ ഇടപാടിലൂടെ മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്. 2018ൽ വിവരചോർച്ചയ്ക്കെതിരെ പ്രമേയം പാസാക്കിയ സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്തയാളാണ് പിണറായി വിജയൻ. അന്നത്തെ നിലപാട് ഇപ്പോഴും അദ്ദേഹത്തിനുണ്ടോ?
വിവാദകമ്പനിയെ കേരളത്തിലേക്ക് ആനയിച്ചത് ആരെന്ന് വ്യക്തമാക്കണം. അമേരിക്കയിൽ തട്ടിപ്പ് കേസുള്ള കമ്പനിയുടെ മേധാവി മാവേലിക്കര സ്വദേശിയാണ്. ബംഗളൂരു ആസ്ഥാനമായ ചില ഐ.ടി കമ്പനികളുമായി ഈ കമ്പനിക്ക് ബന്ധമുണ്ടോയെന്നതടക്കമുള്ള വിവരങ്ങൾ ഉടൻ പുറത്തുവരും. ഐ.ടി സെക്രട്ടറി വീണിടത്ത് കിടന്നുരുളുകയാണ്. പർച്ചേസ് ഓർഡറിൽ ഐ.ടി സെക്രട്ടറി ഒപ്പിട്ടിട്ടുണ്ടെങ്കിലും തീയതി രേഖപ്പെടുത്തുകയെന്ന പ്രാഥമിക നടപടിയുണ്ടായിട്ടില്ല.
കരാറിലെ വ്യവസ്ഥകളും കൊവിഡ് പ്രതിരോധത്തിൽ എന്ത് നേട്ടമുണ്ടായെന്നും മുഖ്യമന്ത്രി വ്യക്തമാക്കണം. താൻ ഇടുങ്ങിയ മനസ്സിനുടമയാണെന്ന മുഖ്യമന്ത്രിയുടെ പ്രതികരണത്തെ അർഹിക്കുന്ന അവജ്ഞയോടെ തള്ളുന്നു. ആരോപണമുന്നയിക്കുന്നവരെ കള്ളക്കേസിൽ കുടുക്കാനാണ് ശ്രമമെന്നും മുല്ലപ്പള്ളി ആരോപിച്ചു.