covid19

കൊവിഡിന്റെ വ്യാപനത്തോടെ വിദ്യാഭ്യാസ തൊഴിൽ മേഖലയിൽ ലോകത്താകെ വലിയ മാറ്റങ്ങളാണ് വരാൻ പോകുന്നത്. ഇൗ മാറ്റങ്ങൾ കൂടുതൽ ബാധിക്കുക ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളെയാണ്.ഇന്നത്തെ ആഗോളവത്കൃത യുഗത്തിൽ വികസിത രാജ്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും വികസ്വര രാജ്യങ്ങളേയും മൂന്നാംലോക രാജ്യങ്ങളെയും ഒരേപോലെ ബാധിക്കും. അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെ ( ILO )യുടെ കണക്കനുസരിച്ച് അസംഘടിത മേഖലയിൽ ഇന്ത്യയിൽ മാത്രം 40 കോടി തൊഴിൽ അവസരങ്ങൾ കുറയുമെന്നാണ് കണക്കാക്കപ്പെടുന്നത്.

പ്രാഥമിക മേഖലയായ കാർഷിക മേഖലയെ അപേക്ഷിച്ച് വ്യവസായ സേവന മേഖലകളെയാണ് കൊവിഡ് വ്യാപനം സാരമായി ബാധിക്കുന്നത്. ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യക്കാരുടെ കൂട്ടത്തോടെയുള്ള വരവും കാമ്പസ് പ്‌ളെയ്‌സ്‌മെന്റിൽ ഉണ്ടാകുന്ന കുറവും, വിവിധ മേഖലകളിൽ ഉണ്ടാകുന്ന ഇടിവും തൊഴിൽ അവസരങ്ങൾ ഗണ്യമായി കുറയ്ക്കാൻ ഇടവരുത്തും.

എന്നാൽ കൊവിഡിന്റെ ഇരുളിലും പ്രതീക്ഷയുടെ പൊൻകിരണങ്ങൾ കാണാനാകുന്നു എന്നതാണ് ഈ കാലയളവിൽ ആശ്വാസമേകുന്നത്.നിർമ്മാണം ബൗദ്ധിക സൗകര്യ വികസനം, ട്രാവൽ ആൻഡ് ടൂറിസം, ഹോസ്‌പിറ്റാലിറ്റി, ഏവിയേഷൻ, റീടെയിൽ തുടങ്ങിയ മേഖലകളിൽ തൊഴിൽ അവസരങ്ങൾ കുറയുമെങ്കിലും ഇ-കൊമേഴ്സ്, ഇ-ലേണിംഗ് ,ഡിജിറ്റൽ ടെക്‌നോളജി, ആരോഗ്യം, തൊഴിൽ നൈപുണ്യ വികസനം തുടങ്ങിയ മേഖലകളിൽ വൻ വളർച്ച ഇന്ത്യയടക്കമുള്ള ലോകരാജ്യങ്ങളിൽ ദൃശ്യമാകും. മികച്ച തൊഴിലിന് അക്കാദമിക് മികവെന്നതിലുപരി തൊഴിൽ നൈപുണ്യം അഥവാ സ്കിൽ അത്യാന്താപേക്ഷിതമായിവരും. വ്യവസായ സേവന മേഖലകൾ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുമ്പോൾ അവരുടെ തൊഴിൽ നൈപുണ്യശേഷി പ്രത്യേകം വിലയിരുത്തും. ഇതിൽ സാങ്കേതിക തൊഴിൽ നൈപുണ്യം, സാങ്കേതിക നൈപുണ്യശേഷി, മികച്ച ആശയവിനിമയശേഷി എന്നിവ പ്രത്യേകം വിലയിരുത്തപ്പെടും. ഡാറ്റാ അനലറ്റിക്സ്, പ്രോസസ് ഓട്ടമേഷൻ, ആഗ്‌മെന്റഡ് റിയാലിറ്റി, മെഷീൻ ലേണിംഗ്, സൈബർ സെക്യൂരിറ്റി എന്നിവയിൽ ലക്ഷക്കണക്കിന് തൊഴിൽ അവസരങ്ങൾ രൂപപ്പെടും.ഡാറ്റാ ബിസിനസാകുന്ന കാലത്തേക്കാണ് ലോകം കടന്നുചെല്ലുന്നത്. ഇതിന് ആനുപാതികമായി ഡാറ്റാ മാനേജ്മെന്റ്, ബിഗ് ഡേറ്റാ അനലറ്റിക്സ്, സോഷ്യൽ അനലറ്റിക്സ് എന്നിവ കൂടുതൽ കരുത്താർജ്ജിക്കും.

വിദ്യാർത്ഥികൾക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയോടൊപ്പം ഏതെങ്കിലും ഒരു നൈപുണ്യ (SKILL) കോഴ്സ് അത്യന്താപേക്ഷിതമായിവരും. യു.ജി.സിയുടെ നിബന്ധനപ്രകാരം ഏത് വിദ്യാർത്ഥിക്കും റെഗുലർ കോഴ്സിനോടൊപ്പം ഒരു തൊഴിൽ നൈപുണ്യ കോഴ്സും ചെയ്യാവുന്നതാണ്. ബിരുദ വിദ്യാർത്ഥികൾക്ക് മാനേജിരിയൽ കോഴ്സുകളും, ഡിപ്‌ളോമ, ഐ.ടി.ഐ കോഴ്സുകൾ കഴിഞ്ഞവർക്ക് സൂപ്പർ വൈസറി കോഴ്സുകളും, 10 മുതൽ പ്ളസ് ടു ക്ളാസുവരെ പഠിച്ചവർക്ക് ടെക്‌നിഷ്യൻ ലെവൽ കോഴ്സുകളും ചെയ്യാവുന്നതാണ്. ഇതോടൊപ്പം സാങ്കേതിക വിദ്യയിലുണ്ടാകുന്ന മാറ്റങ്ങൾക്കനുസൃതമായി തൊഴിൽ മേഖലയിലെ പ്രവർത്തന മികവ് വർദ്ധിപ്പിക്കാനായി അവരെ തയ്യാറാക്കേണ്ടതുണ്ട്. ഇതിനായി തുടർ തൊഴിൽ നൈപുണ്യ പരിപാടികൾ (റീ സ്‌കില്ലിംഗ്), അതോടൊപ്പം ഉയർന്ന നൈപുണ്യ ശേഷി കൈവരിക്കാനുള്ള (അപ്‌ സ്‌കില്ലിംഗ്) എന്നിവയിലേക്കും അവരെ സജ്ജമാക്കേണ്ടതുണ്ട്. ഉദാഹരണമായി ഗൾഫ് രാജ്യങ്ങളിൽ നിന്ന് മടങ്ങിയെത്തുന്ന ഇന്ത്യാക്കാർക്ക് അവർ ചെയ്തുവന്ന തൊഴിൽ തന്നെ ഇന്ത്യയിൽ ലഭിക്കണമെന്നില്ല. ഇൗ അവസരത്തിലാണ് തുടർ നൈപുണ്യം വേണ്ടിവരിക. അതുപോലെ സ്‌കില്ലിംഗും.

മുൻകാലങ്ങളിൽ ഒാൺലൈൻ കോഴ്സിന് ചേരുകയെന്നുള്ളത് വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും വലിയ താത്പര്യം ഉള്ള കാര്യമായിരുന്നില്ല. എന്നാൽ സാമൂഹിക അകലം പാലിക്കാൻ ലോക്ക് ഡൗൺ പ്രാവർത്തികമാക്കിയതോടെ ഒാൺലൈൻ കോഴ്സുകളുടെ വിപണി വളരെ സജീവമായി. ഒാൺലൈൻ കോഴ്സുകളോടുള്ള വിദ്യാർത്ഥികളുടെ താത്പര്യം വർദ്ധിച്ചുവരികയാണ്. എന്തിനേറെ പറയുന്നു ലാബറട്ടറി അടിസ്ഥാനത്തിലുള്ള വിദേശ സർവകലാശാലകളിലെ കോഴ്സുകൾ പോലും ഇപ്പോൾ ലാബ് ഒഴിവാക്കിയുള്ള കോഴ്സുകളിലേക്ക് മാറി. ഇതിന് ആനുപാതികമായി ആയിരക്കണക്കിന് എഡ്യു ടെക് കമ്പനികളാണ് ലോകത്തെമ്പാടും കൂൺപോലെ മുളച്ചുവരുന്നത്. ഇതോടൊപ്പം എഡ്യു ടെക് പ്ളാറ്റ്ഫോമുകളും വിപുലമാകുന്നു. കൊവിഡിന്റെ അരക്ഷിതാവസ്ഥ മാറിവരുമ്പോൾ എല്ലാം കൈവിട്ടു പോയിരിക്കുമെന്ന അശുഭചിന്ത ആർക്കും വേണ്ട.