തിരുവനന്തപുരം: കെ.എം. ഷാജി എം.എൽ.എക്കെതിരായ വിജിലൻസ് അന്വേഷണത്തിന് ഇല്ലാത്ത അധികാരമുപയോഗിച്ച് നൽകിയ അനുമതി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കത്ത് നൽകി. അഴിമതി നിരോധന നിയമത്തിലെ (1988) 17എ വകുപ്പ് പ്രകാരമാണ് സ്പീക്കർ വിജിലൻസിന് അനുമതി നൽകാൻ തീരുമാനിച്ചതെന്നാണ് മനസിലാക്കുന്നത്. ഒരു വ്യക്തിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിന് അയാൾ വഹിക്കുന്ന സ്ഥാനത്ത് നിന്ന് നീക്കാൻ അധികാരമുള്ള അധികാരിയുടെ അനുമതി വേണമെന്നാണ് ഇതിൽ പറയുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന ഒരു നിയമസഭാംഗത്തെ തത്‌സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാൻ സ്പീക്കർക്ക് അധികാരമില്ല. കൊവിഡ് ബാധയെത്തുടർന്ന് നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി അവസാനിപ്പിച്ച മാർച്ച് 13 നാണ് ഷാജിയോട് വിശദീകരണം പോലും ആരായാതെ അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യുന്നതിന് സ്പീക്കർ നിയമവിരുദ്ധമായി അനുമതി നൽകിയത്. ഒരു എം.എൽ.എക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സ്പീക്കർ അനുമതി നൽകുന്നത് കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമാണെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.