തിരുവനന്തപുരം: കൊവിഡിന്റെ പശ്ചാത്തലത്തിൽ പ്രതിസന്ധിയിലായ സംസ്ഥാനത്തെ വിവിധ മേഖലകളിലെ തൊഴിലാളികൾക്കും സ്ഥാപനങ്ങൾക്കും പ്രത്യേക സാമ്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നൽകി. പരമ്പരാഗത കലാകാരന്മാർ, തോട്ടം തൊഴിലാളികൾ, ടാക്സി, ആട്ടോ തൊഴിലാളികൾ, പാരലൽകോളേജ്, വർക്ക്ഷോപ്പ് ജീവനക്കാർ തുടങ്ങിയവർക്ക് സഹായം നൽകണമെന്നാണ് ആവശ്യം.
സർക്കാരിന്റെ അടിയന്തരസഹായം ആവശ്യമുള്ള നിരവധി തൊഴിൽ മേഖലകൾ സംസ്ഥാനത്തുണ്ട്. ഒട്ടേറെ പരാതികളാണ് തന്റെ ഓഫീസിലെ കൺട്രോൾ റൂമിൽ ലഭിക്കുന്നത്. കുടുംബശ്രി ജീവനക്കാർക്ക് ഷെഡ്യൂൾഡ്, സഹകരണ ബാങ്കുകളിൽ നിന്ന് 5000 രൂപ മാത്രമാണ് വായ്പയായി ലഭിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഇതുതന്നെ പലർക്കും നിഷേധിക്കുന്നു. ഇതെല്ലാം പരിഹരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.