തിരുവനന്തപുരം: കൊവിഡ്-19 പശ്ചാത്തലത്തിൽ സൈബർ കുറ്റവാളികളും സ്‌റ്റേറ്റ് സ്‌പോൺസേർഡ് ഹാക്കർമാരും ഉൾപ്പെടെ സാഹചര്യം മുതലെടുക്കാനും നശീകരണ പ്രവർത്തനങ്ങൾ നടത്താനും സാദ്ധ്യതയുണ്ടെന്ന് പ്രമുഖ ഐ.ടി കമ്പനിയായ യു.എസ്.ടി ഗ്ലോബലിന്റെ സൈബർ പ്രൂഫ് വിഭാഗം മുന്നറിയിപ്പ് നൽകി. ഹാക്കർമാർ അധോലോക നെറ്റ്‌വർക്കുകളിലൂടെ പരസ്‌പരം ആശയവിനിമയം നടത്തുന്നുണ്ടെന്നും സൈബർ ആക്രമണങ്ങൾക്കാവശ്യമായ വിവരങ്ങൾ പങ്കുവയ്ക്കുന്നുണ്ടെന്നുമാണ് മുന്നറിയിപ്പിൽ പറയുന്നത്. കൊവിഡ് ബാധയുള്ള സ്ഥലങ്ങളുടെ ഓൺലൈൻ മാപ്പുകൾ ഷെയർ ചെയ്യുമ്പോൾ അതിനുള്ളിലൂടെ അപകടകാരികളായ സോഫ്‌ട്‌വെയറുകൾ കടത്തിവിടുന്ന തരത്തിലുള്ള ആക്രമണത്തിനാണ് ഹാക്കർമാർ പദ്ധതിയിടുന്നത്. വിൻഡോസിന്റെ ഏതു വേർഷനിലും പ്രവർത്തിക്കുന്ന ഇത്തരം മാൽവെയറുകൾ ഫയൽ എക്സ്റ്റൻഷൻ അറ്റാച്ച്‌മെന്റുകൾ വഴി നേരിട്ട് കമ്പ്യൂട്ടറിൽ കടക്കുമെന്ന് സൈബർ പ്രൂഫ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും യു.എസ്.ടി ഗ്ലോബൽ ചീഫ് ഇൻഫൊർമേഷൻ സെക്യൂരിറ്റി ഓഫീസറുമായ ടോണി വെലാക്ക പറഞ്ഞു. റിമോട്ട് വർക്കിലെ വെല്ലുവിളികളെ മറികടക്കാൻ കേറ്റോ നെറ്റ്‌വർക്കുമായി യോജിച്ച് ഒരു വി.പി.എൻ സൊലൂഷന് കമ്പനി രൂപം നൽകിയിട്ടുണ്ട്.