തിരുവനന്തപുരം: സ്‌പ്രിൻക്ളർ സേവനം ഉപയോഗപ്പെടുത്താൻ സ്വന്തം വിവേചനാധികാരം ഉപയോഗിച്ചാണ് തീരുമാനിച്ചതെന്ന് ഐ.ടി സെക്രട്ടറി എം. ശിവശങ്കർ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. സേവനം സൗജന്യമാണെന്ന് ഉറപ്പു വരുത്തിയിരുന്നു. സുരക്ഷ പ്രശ്നമില്ലെന്നും വ്യക്തമായിരുന്നു.

സ്‌പ്രിൻക്ളറിനെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമ വകുപ്പിന്റെ ഉപദേശം തേടണമെന്ന് തോന്നിയില്ല. വിവരങ്ങൾ ശേഖരിക്കാൻ ഒരു ടെക്‌നോളജിക്കൽ പ്ലാറ്റ്‌ഫോം വേണമായിരുന്നു. തിരഞ്ഞെടുത്തതും ഒപ്പിട്ടതും എന്റെ ഉത്തരവാദിത്തമാണ്. അതൊരു പർച്ചേസ് തീരുമാനമാണ്. അതിൽ മറ്റാരും കൈ കടത്തിയിട്ടില്ല. രേഖകളിൽ കൃത്രിമം നടന്നിട്ടില്ല. തീരുമാനങ്ങളിൽ തെറ്റുണ്ടെങ്കിൽ വിമർശനങ്ങൾ കൂടി കണക്കിലെടുത്ത് ഇക്കാര്യം പുനപരിശോധിക്കും.

എന്നാൽ മുഖ്യമന്ത്രിയെ അറിയിച്ചോ എന്ന ചോദ്യത്തിന് ശിവശങ്കർ മറുപടി പറയാതെ ഒഴിഞ്ഞുമാറി. കരാറിലെ വ്യവസ്ഥകൾ നേരത്തെ ഉള്ളതാണ്. സേവനം വാങ്ങുന്ന ആളിന് അത് മാറ്രാൻ കഴിയില്ല. കൊവിഡ് വ്യാപനത്തിന്റെ തുടക്കത്തിൽ ഭീതിദമായ അവസ്ഥയായിരുന്നു. കേരളം ഏത് സാഹചര്യത്തിലേക്കാണ് നീങ്ങുന്നതെന്നറിയാത്ത അവസ്ഥ. അന്ന് അസാധാരണ നടപടികളെടുക്കേണ്ടതാവശ്യമായിരുന്നു. അത് വിലയിരുത്തി വേണം കരാറിനെ വിമർശിക്കാൻ. കൊവിഡ് ഡാറ്ര ക്രോഡീകരിക്കാൻ ബുദ്ധിമുട്ട് നേരിട്ടു. അത് കൈകാര്യം ചെയ്യാൻ ഐ.ടി വകുപ്പ് ശ്രമിച്ചു. എല്ലാമാർഗങ്ങളും നോക്കിയ ശേഷമാണ് സ്‌പ്രിൻക്ളറിനെ സമീപിച്ചത്. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും വിമർശിക്കപ്പെടുന്നതിൽ വിഷമമില്ലെന്നും ശിവശങ്കർ പറഞ്ഞു.