തിരുവനന്തപുരം: സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പും കെ.സി.ബി.സി പ്രസിഡന്റുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് ഇന്ന് 75ാം പിറന്നാൾ. കൊവിഡ് പശ്ചാത്തലത്തിൽ ആഘോഷങ്ങളുണ്ടാകില്ല.
കർമ്മ മണ്ഡലങ്ങളിലെല്ലാം ആദ്ധ്യാത്മിക നിറവോടെ വ്യക്തിമുദ്ര പതിപ്പിച്ച അജപാലകനാണ് അദ്ദേഹം. പ്രളയ കാലത്ത് സ്വന്തം താമസ സ്ഥലം പോലും അഭയാർത്ഥി ക്യാമ്പാക്കാൻ അനുമതി നൽകിയതിലൂടെ മനുഷ്യസ്നേഹത്തിന്റെ മാതൃക കാണിച്ചു. കൊവിഡ് ദുരന്തകാലത്ത് കത്തോലിക്കാ സഭയുടെ ആശുപത്രികൾ വിട്ടുകൊടുക്കാമെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പു നൽകി.

ചങ്ങനാശ്ശേരി തുരുത്തി ഇടവകയിലെ ആലഞ്ചേരി വീട്ടിൽ പരേതരായ പീലിപ്പോസിന്റെയും മറിയാമ്മയുടെയും മകനായി 1945 ഏപ്രില്‍ 19-നാണ് മാർ ജോർജ് ആലഞ്ചേരി ജനിച്ചത്. 1972 ഡിസംബർ 18-ന് തുരുത്തി സെന്റ് മേരീസ് ദൈവാലയത്തിൽ വച്ച് വൈദിക പട്ടം സ്വീകരിച്ചു.