ഉള്ളൂർ: ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ ശമ്പളം തടയുമെന്ന ഉത്തവിനെ തുടർന്ന് എസ്.എ.ടി ഹോസ്‌പിറ്റൽ ഹെൽത്ത് എഡ്യുക്കേഷൻ സൊസൈറ്റി (SATHHES) യിലെ ജീവനക്കാർ കൂട്ടത്തോടെ ജോലിക്ക് ഹാജരായി. 15ന് പുറത്തിറക്കിയ ഉത്തരവിലെ പിഴവ് മനസിലാക്കി അടുത്തദിവസം ഉത്തരവ് റദ്ദാക്കിയെങ്കിലും ഇതറിയാതെ തുടർന്നുള്ള ദിവസങ്ങളിലും ജീവനക്കാർ ഡ്യൂട്ടിക്കെത്തുകയായിരുന്നു. തിരക്ക് കുറഞ്ഞ പശ്ചാത്തലത്തിൽ ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ പുറത്തിറക്കിയ ഉത്തരവാണ് ജീവനക്കാർക്കിടയിൽ തെറ്റിദ്ധാരണ പടർത്തിയത്. സൊസൈറ്റിയിലെ വിവിധ വിഭാഗങ്ങളിൽ പ്രവർത്തിക്കുന്ന എല്ലാ തസ്‌തികയിലുമുള്ള ജീവനക്കാരിൽ അവശ്യം വേണ്ടവരെ ഒഴികെയുള്ള ജീവനക്കാരെ താത്കാലികമായി ഒഴിവാക്കണം, സീനിയോറിട്ടി കൂടുതലുള്ള ജീവനക്കാരെ തുടരാൻ അനുവദിച്ചുകൊണ്ട് ജൂനിയറായ ജീവനക്കാരെ ഒഴിവാക്കണം, ഒഴിവാക്കിയ ദിവസത്തെ ശമ്പളം ലഭിക്കില്ലെന്നുമാണ് വിവാദ ഉത്തരവിൽ പറയുന്നത്. ഇതോടെ സീനിയർ ജൂനിയർ വ്യത്യാസമില്ലാതെ ജീവനക്കാർ കൂട്ടത്തോടെ തുടർന്നുള്ള ദിവസങ്ങളിൽ ജോലിക്ക് ഹാജരാകുകയായിരുന്നു. സെൻട്രൽ സ്റ്റോർ റൂമിലെ മുഴുവൻ ജീവനക്കാരും ജോലിക്കെത്തി. ഓഫിസിലും മുഴുവൻ ഹാജർ. മറ്റ് വിഭാഗങ്ങളിൽ ഈ സ്ഥിതി വന്നതോടെയാണ് ഉത്തരവിലെ അവ്യക്തത അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട അധികൃതർക്ക് കർശന നിർദ്ദേശം കൊടുക്കുമെന്നും ആശുപത്രി സൂപ്രണ്ട് ഡോ.എ. സന്തോഷ് കുമാർ അറിയിച്ചു.