തിരുവനന്തപുരം: ലോക്ക് ഡൗൺ ഇളവിന്റെ ഭാഗമായി വിവിധ നിർമാണ പ്രവർത്തികൾക്ക് അനുമതി നൽകുന്ന പശ്ചാത്തലത്തിൽ നിർമാണ സാമഗ്രികൾ വിൽക്കുന്ന കടകൾക്കും പ്രവർത്തിക്കാൻ അനുമതിയുണ്ടാകും. ഓറഞ്ച് ബി, പച്ച സോണുകളിൽപ്പെട്ട ജില്ലകളിൽ 20 മുതലാണ് ഇളവ് ബാധകം. ഓറഞ്ച് എ വിഭാഗത്തിൽ 24 മുതലും.
നിർമാണജോലിക്കുള്ള ഇലക്ട്രിക്കൽ സാധനങ്ങളുടെ വില്പനയും അനുവദിക്കും.
ഇലക്ട്രിക്കൽ, ഇലക്ട്രോണിക് യന്ത്രസാമഗ്രികളുടെ അറ്റകുറ്റപ്പണി നടത്തുന്ന കടകൾക്കും അവ നന്നാക്കുന്ന വർക്ക് ഷോപ്പുകൾക്കും പ്രവർത്തിക്കാം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള ചരക്കുഗതാഗതം പൂർണമായി പുനരാരംഭിക്കും. ട്രക്കുകൾക്കും മറ്റ് ചരക്ക് വാഹനങ്ങൾക്കും രണ്ട് ഡ്രൈവർമാരെയും ഒരു സഹായിയെയും വച്ച് ഓടാനാകും.
ഹൈവേകളിൽ ലോറി നന്നാക്കുന്നതിനുള്ള വർക്ക് ഷോപ്പുകൾക്കും ധാബകൾക്കും പ്രവർത്തനാനുമതിയുണ്ട്. നിലവിൽ വൈകിട്ട് അഞ്ച് മണി വരെ പ്രവർത്തിക്കുന്ന അവശ്യസാധനങ്ങളുടെ കടകൾ പുതിയ ഇളവുകൾ നിലവിൽ വരുന്ന മുറയ്ക്ക് രാവിലെ 7 മുതൽ രാത്രി 7 വരെ പ്രവർത്തിക്കാനാകും. റസ്‌റ്റോറന്റുകൾക്കും രാത്രി 7 വരെ പ്രവർത്തിക്കാം.
തൊഴിലുറപ്പ് പദ്ധതി: തിങ്കളാഴ്‌ച തീരുമാനം
തൊഴിലുറപ്പ് പദ്ധതി പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം തിങ്കളാഴ്ചയുണ്ടാകും. ചുവപ്പ് മേഖലയിൽ വരുന്ന നാല് വടക്കൻ ജില്ലകളിലും ഓറഞ്ച് എ, ബി വിഭാഗങ്ങളിലുള്ള ജില്ലകളിലെ ഹോട്ട് സ്പോട്ട് മേഖലകളിലും തൊഴിലുറപ്പ് പുനരാരംഭിക്കുന്ന കാര്യത്തിൽ ചീഫ് സെക്രട്ടറിയുടെ കഴിഞ്ഞ ദിവസത്തെ ഉത്തരവിൽ അവ്യക്തതയുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത വേണമെന്ന് തദ്ദേശ ഭരണ വകുപ്പ് ആവശ്യപ്പെട്ടു. മഹാത്മ ഗാന്ധി, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതികൾ വ്യവസ്ഥകളോടെ പുനരാരംഭിക്കുന്നത് സംബന്ധിച്ച മാർഗനിർദ്ദേശങ്ങൾ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കൽ, മുഖാവരണം ധരിക്കൽ എന്നിവ തൊഴിലാളികൾക്ക് നിർബന്ധമാണ്. അഞ്ച് പേരുള്ള സംഘത്തെയാണ് ഒരിടത്ത് അനുവദിക്കുക. ജലസേചന, ജലസംരക്ഷണ പ്രവർത്തനങ്ങൾക്കാകും മുൻഗണന.