
തിരുവനന്തപുരം: ലോക്ക് ഡൗൺ പ്രഖ്യാപിച്ചപ്പോൾ മാറ്റിവച്ച പരീക്ഷകൾ മേയ് 11 മുതൽ നടത്താൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് സർവകലാശാലകളോട് നിർദേശിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ പരീക്ഷ പൂർത്തിയാക്കാനും മന്ത്രി കെ.ടി. ജലീൽ വീഡിയോ കോൺഫറൻസ് വഴി വൈസ് ചാൻസലർമാരോട് നിർദ്ദേശിച്ചു. നേരത്തേ നടന്ന പരീക്ഷകൾക്ക് കേന്ദ്രീകൃത മൂല്യനിർണയം ഉണ്ടാകില്ല. പകരം നാളെ മുതൽ ഹോം വാല്യുവേഷൻ തുടങ്ങും.
വിദ്യാർത്ഥികൾക്ക് കൃത്യമായ മാർഗനിർദേശങ്ങൾ നൽകണം. പരീക്ഷ നടത്തുന്നതിന് ആരോഗ്യവകുപ്പ് നിദ്ദേശിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കണം. പരീക്ഷാ ഹാളുകളിൽ സാനിറ്റൈസർ ലഭ്യമാക്കണം.
അദ്ധ്യയന നഷ്ടവും പരീക്ഷ നടത്തിപ്പും ക്രമീകരിക്കാനായി ഉന്നതവിദ്യാഭ്യാസ വകുപ്പ് സമിതി രൂപീകരിച്ചിട്ടുണ്ട്. ആസൂത്രണ ബോർഡ് അംഗം ഡോ. ബി. ഇക്ബാൽ ചെയർമാനും എം.ജി സർവകലാശാല വൈസ് ചാൻസലർ സാബുതോമസ്, കേരള സർവകലാശാല പ്രോ വൈസ് ചാൻസലർ അജയകുമാർ എന്നിവർ അംഗങ്ങളുമാണ്.
മൂല്യനിർണയം അവശേഷിക്കുന്ന ചില വിഷയങ്ങളിൽ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനം ഏർപ്പെടുത്താൻ ഐ.എച്ച്.ആർ.ഡി ഡയറക്ടറോട് നിർദ്ദേശിച്ചു. ഓൺലൈൻ വഴി ക്ലാസുകൾ തുടങ്ങണം. വിദ്യാർത്ഥികൾക്ക് അസൈൻമെന്റുകളും നൽകണം. ഗവേഷണ വിദ്യാർത്ഥികൾക്ക് ലൈബ്രറി സൗകര്യം ഒരുക്കുകയും വേണം.