തിരുവനന്തപുരം : ലോക്ക് ഡൗൺ കാലത്തെ പ്രതിസന്ധികളെ അതിജീവിച്ച് കഴിഞ്ഞ ദിവസം കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന ഹൃദയമാറ്റ ശസ്ത്രക്രിയ വിജയമെന്ന് ഡോക്ടർമാർ അറിയിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കെ.സി.ജോസിനാണ് (62) ഹൃദയം മാറ്റിവച്ചത്. ഹാർട്ട് റിജക്ഷനും ഇൻഫെക്ഷനും സാദ്ധ്യതയുള്ളതിനാൽ രോഗിയെ 24 മണിക്കൂർ വെന്റിലേറ്ററിലാക്കി. രണ്ടാഴ്ച രോഗി പൂർണ നിരീക്ഷണത്തിലുമായിരിക്കും. സംസ്ഥാനത്ത് സർക്കാർ മേഖലയിലെ നടക്കുന്ന ആറാമത്തെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയാണിത്. ആറ് ശസ്ത്രക്രിയകളും കോട്ടയം മെഡിക്കൽ കോളേജിലാണ് നടന്നത്. ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ. ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ മന്ത്രി അഭിനന്ദിച്ചു.
ബൈക്ക് അപകടത്തെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ശ്രീകുമാറിന് (50) മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടർന്നാണ് ബന്ധുക്കൾ അവയവദാനത്തിന് തയ്യാറായത്. ഇതിലൂടെ നാലു പേർക്കാണ് പുതുജീവൻ സമ്മാനിച്ചത്. സർക്കാരിന്റെ അവയവദാന ഏജൻസിയായ മൃതസഞ്ജീവിനിയാണ് അവയവദാനത്തിനുള്ള നടപടികൾ ഏകോപിപ്പിച്ചത്. ഹൃദയം കൂടാതെ ഒരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള രോഗിക്കും മറ്റൊരു വൃക്കയും കരളും കിംസിൽ ചികിത്സയിലുള്ള രോഗിക്കുമാണ് നൽകിയത്. അതീവ ദു:ഖത്തിലും അവയവദാനത്തിന് സന്നദ്ധതകാണിച്ച ശ്രീകുമാറിന്റെ കുടുംബത്തിന്റേത് ത്യാഗമാണെന്ന് മന്ത്രി പറഞ്ഞു.
ഹൃദയമെടുക്കാൻ മൂന്നു മണിക്കൂർ
കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ടി.കെ.ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച രാത്രിയാണ് തിരുവനന്തപുരത്തെത്തിയത്. അർദ്ധരാത്രി 12 മണിയോടെ ശസ്ത്രക്രിയ ആരംഭിച്ചു. മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയ അതിരാവിലെ 3.15ന്പൂർത്തിയായി. തുടർന്ന് ഹൃദയവുമായി റോഡുമാർഗം ഡോക്ടർമാർ രാവിലെ 5.15ന് കോട്ടയം മെഡിക്കൽ കോളേജിലെത്തി. മൂന്നു മണിക്കൂറിൽ ശസ്ത്രക്രിയ അവസാനിച്ചു. ഇതിന് ആവശ്യമായ മരുന്ന് എറണാകുളത്തു നിന്ന് ഫയർ ഫോഴ്‌സ് 40 മിനിറ്റുകൊണ്ട് കോട്ടയത്ത് എത്തിച്ചു.