തിരുവനന്തപുരം:കൊവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ,സംസ്ഥാനത്തെ സർക്കാർ അംഗീകൃത അൺ എയ്ഡഡ് സ്‌കൂളുകളിൽ അടുത്ത അദ്ധ്യയന വർഷം ഫീസ് വർദ്ധിപ്പിക്കേണ്ടെന്ന് മാനേജ്‌മെന്റുകൾ തീരുമാനിച്ചു.ലോക്ക് ഡൗണിനെ തുടർന്ന് സംസ്ഥാനത്തെ ബാധിച്ച സാമ്പത്തിക പ്രതിസന്ധി രക്ഷകർത്താക്കളുടെ വരുമാനത്തെയും പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് തീരുമാനമെന്ന് അൺ എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകളുടെ സംഘടനയായ കേരള അംഗീകൃത സ്‌കൂൾ മാനേജ്‌മെന്റ് അസോസിയേഷൻ കെ.ആർ.എസ്.എം.എ സംസ്ഥാന പ്രസിഡന്റ് പി.കെ.മുഹമ്മദ് ഹാജിയും ജനറൽ സെക്രട്ടറി ആനന്ദ് കണ്ണശയും പ്രസ്താവനയിൽ അറിയിച്ചു.പഠനച്ചെലവ് കുറയ്ക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുമെന്നും മാനേജ്‌മെന്റ് അസോസിയേഷൻ അറിയിച്ചു.