pinarayi-vijayan

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിൽ സംസ്ഥാനം കൈവരിച്ച നേട്ടത്തിനിടെ,​ സ്‌പ്രിൻഗ്ളർ ഡാറ്റാ ശേഖരണ വിവാദത്തിൽ പ്രതിപക്ഷം ആക്രമണം ശക്തമാക്കിയതോടെ രാഷ്ട്രീയ രംഗം ചൂടുപിടിച്ചു.

കൊവിഡ് പ്രതിരോധത്തിലെ ഫലപ്രദമായ ഏകോപനത്തിലൂടെയും പ്രതിദിന വാർത്താസമ്മേളനത്തിലൂടെയും മുഖ്യമന്ത്രി പിണറായി വിജയൻ തുടക്കത്തിൽ നേടിയെടുത്ത മേൽക്കൈ തടയാൻ സ്‌പ്രിൻഗ്ളർ കരാർ ഇടപാട് ആരോപണത്തിലൂടെ സാധിച്ചെന്ന വിലയിരുത്തലിലാണ് പ്രതിപക്ഷം. കൊവിഡ് കാലത്തെ കേരളം ഇപ്പോൾ മറികടന്നാലും തൊട്ടുപിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പും നിയമസഭാ തിരഞ്ഞെടുപ്പും വരുമെന്നിരിക്കെ, രാഷ്ട്രീയാക്രമണം ശക്തമാക്കാൻ തന്നെയാണ് പ്രതിപക്ഷ നീക്കം. മുസ്ലിംലീഗ് എം.എൽ.എ കെ.എം. ഷാജിക്കെതിരായ വിജിലൻസ് കേസും അവർക്ക് വീണുകിട്ടിയ ആയുധമായി.

പ്രതിപക്ഷനേതാവ് തുറന്നുവിട്ട വിവാദമാണ് സ്‌പ്രിൻഗ്ളർ കരാർ ഇടപാടുമായി ബന്ധപ്പെട്ട ആരോപണം. പ്രമുഖ യു.ഡി.എഫ് നേതാക്കളെല്ലാം അതേറ്റുപിടിച്ചതോടെ ഇടപാട് സംബന്ധിച്ച രേഖകൾ സർക്കാർ പരസ്യമാക്കുകയും മുഖ്യമന്ത്രി ദീർഘമായി വിശദീകരിക്കുകയുമുണ്ടായി.

എന്നാൽ പുറത്തുവിട്ട രേഖകളിലും കൃത്രിമമാരോപിച്ച് ആക്രമണമുന കൂർപ്പിക്കുകയാണ് പ്രതിപക്ഷം. ആക്രമണത്തെ ചെറുക്കാൻ ഐ.ടി സെക്രട്ടറി എം. ശിവശങ്കർ നേരിട്ട് ദൃശ്യമാദ്ധ്യമങ്ങൾക്ക് അഭിമുഖം നൽകുന്ന നില വരെയെത്തി കാര്യങ്ങൾ. എന്നാൽ, അഭിമുഖത്തിലെ അദ്ദേഹത്തിന്റെ പരാമർശങ്ങൾ സർക്കാരിനെ തിരിഞ്ഞ് കൊത്തുന്ന വാദമുഖങ്ങളാണെന്ന് പ്രതിപക്ഷം പറയുന്നു. മുഖ്യമന്ത്രിയുടെ മാത്രം അനുവാദത്തോടെ കരാറുമായി നീങ്ങാൻ ഉദ്യോഗസ്ഥനെങ്ങനെ സാധിച്ചെന്ന ചോദ്യമാണവർ ഉയർത്തുന്നത്.

അപ്പോഴും,​ സാമ്പത്തിക ബാദ്ധ്യത വരുത്തി വയ്ക്കാത്ത കരാറായത് കൊണ്ട് കുഴപ്പമില്ലെന്ന വാദം സർക്കാർ വൃത്തങ്ങൾ മുന്നോട്ട് വയ്ക്കുകയാണ്.

കൊവിഡ് പ്രതിരോധത്തിന്റെ അടിയന്തരഘട്ടത്തിൽ സർക്കാരിന് പെട്ടെന്നൊരു തീരുമാനത്തിലെത്തേണ്ടി വന്നുവെന്ന് സമ്മതിച്ചാലും വ്യക്തികളുടെ സ്വകാര്യവിവരങ്ങൾ അനുവാദമില്ലാതെ ശേഖരിക്കാമോയെന്ന ചോദ്യവുമുയരുന്നു. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിതനയത്തിന് വിരുദ്ധമായത് സ്വന്തം സർക്കാരിൽ നിന്നു തന്നെയുണ്ടായി എന്ന വിമർശനമാണുയരുന്നത്. ഡാറ്റാ ചൂഷണത്തിന്റെ നേരിയ സാദ്ധ്യത പോലുമില്ലാതാക്കും വിധം സർക്കാർ ഏജൻസിയായ സി-ഡിറ്റിന്റെ സെർവറിലേക്ക് ഡാറ്റ മാറ്റാൻ നിർദ്ദേശിച്ചെന്നാണ് സർക്കാർ വാദം.