lockdown

തിരുവനന്തപുരം: കൊവിഡ് ഭീതിയിൽ കൊട്ടിയടച്ച 27 ദിവസത്തിന് ശേഷം ഏഴ് ജില്ലകളിലെ സർക്കാർ ഓഫീസുകൾ നാളെ തുറക്കുമ്പോൾ മൂന്ന് പ്രശ്നങ്ങളാണ് അലട്ടുന്നത് - ശുചീകരണം, അണു നശീകരണം,​ വാഹന സൗകര്യം എന്നിവ. മൂന്നിനും വ്യക്തമായ പരിഹാരം സർക്കാർ കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ ആദ്യ ദിനങ്ങളിൽ പ്രവർത്തനം മന്ദഗതിയിലാകും.

കോട്ടയം, ഇടുക്കി, സെക്രട്ടേറിയറ്റ് ഉൾപ്പെടുന്ന തിരുവനന്തപുരം, ആലപ്പുഴ, തൃശ്ശൂർ, പാലക്കാട്, വയനാട് ജില്ലകളിലെ മുഴുവൻ ക്ളാസ് ഒന്ന്, രണ്ട് വിഭാഗം ജീവനക്കാരും മറ്റു വിഭാഗങ്ങളിലെ മൂന്നിലൊന്ന് പേരുമാണ് നാളെ മുതൽ വീണ്ടും ഓഫീസിലെത്തുക.

പൊലീസ്, ഫയർ ഫോഴ്സ്, ആരോഗ്യവകുപ്പ്, ആശുപത്രി ജീവനക്കാർ, ലീഗൽമെട്രോളജി വകുപ്പുകാർ, ട്രഷറി ജീവനക്കാർ തുടങ്ങിയവരാണ് ലോക്ക് ഡൗണിലും പ്രവർത്തിച്ചു വരുന്നത്. മറ്റ് 54 വകുപ്പുകളിൽ ഭൂരിഭാഗത്തിന്റെയും പ്രവർത്തനം നാലാഴ്ചയായി നിലച്ചിരിക്കുകയാണ്.

1. വൃത്തിയാക്കാൻ തൊഴിലുറപ്പുകാർ

അടഞ്ഞുകിടക്കുന്ന ഒാഫീസുകളിൽ ചിതലിന്റെയും മാറാലയുടെയും കൂമ്പാരം തന്നെയുണ്ടാകും. പല ഓഫീസുകൾക്കും കെട്ടുറപ്പ് പോലുമില്ല. കീരിയും പെരുച്ചാഴിയും വിഹരിക്കുന്നുണ്ടെങ്കിലും അത്ഭുതമില്ല. ശുചീകരണത്തിന് ആവശ്യത്തിന് ജീവനക്കാരില്ല. പുറം കരാർ കൊടുക്കാൻ വകുപ്പുമില്ല. തദ്ദേശ സ്ഥാപനങ്ങളിലെ തൊഴിലുറപ്പ് ജീവനക്കാരെ ആശ്രയിക്കാനാണ് സർക്കാരിന്റെ നിർദ്ദേശം. അന്യസംസ്ഥാന തൊഴിലാളികളെയും കൂട്ടാം.

2. അണു നശീകരണം പരമ പ്രധാനം

കൊവിഡ് പശ്ചാത്തലത്തിൽ കുറ്റമറ്റ അണുനശീകരണ സംവിധാനം ഒരുക്കേണ്ടത് ജില്ലാകളക്ടർമാരാണ്. ഓഫീസ് മേധാവി കളക്ടറേറ്റ് മുഖേന ആരോഗ്യവകുപ്പ് വിഭാഗത്തിന്റെ സേവനം ലഭ്യമാക്കണം. ഏറ്റവും കൂടുതൽ ജീവനക്കാരെത്തുന്ന സെക്രട്ടേറിയറ്റിൽ ഐ.ആർ തെർമ്മോ മീറ്റർ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിൽ 400 ഐ.ആർ തെർമ്മോമീറ്ററാണ് ലഭ്യമാക്കിയത്.


3.ബസ് സർവീസ് ഇല്ല

ഇളവുകളുടെ ഭാഗമായി ഓറഞ്ച് എ, ബി വിഭാഗം ജില്ലകളിൽ ഹ്രസ്വദൂര യാത്രയ്ക്ക് ബസ് സർവീസിന് അനുമതി നൽകിയ ഉത്തരവ് ഇന്നലെ റദ്ദാക്കി. മേയ് മൂന്ന് വരെ പൊതുഗതാഗതം പാടില്ലെന്ന കേന്ദ്രനിർദ്ദേശം പാലിച്ചാണിത്.

ഓഫീസുകൾ തുറക്കുമ്പോൾ കെ. എസ്.ആർ. ടി. സി സർവീസ് ഉണ്ടാകുമെന്നായിരുന്നു സൂചന. ഉത്തരവ് റദ്ദാക്കിയതോടെ അത് ഇല്ലെന്ന് ഉറപ്പായി.

ഓഫീസിന്റെ സ്വന്തം വാഹനത്തിൽ എട്ടു കിലോമീറ്റർ പരിധിയിൽ നിന്ന് ജീവനക്കാരെ കൂട്ടിക്കൊണ്ടുവരാനേ നിയമം അനുവദിക്കുന്നുള്ളൂ. സെക്രട്ടേറിയറ്റ് ജീവനക്കാരിൽ നല്ലൊരു പങ്കും നഗരത്തിന് പുറത്ത് താമസിക്കുന്നവരാണ്.

സ്വകാര്യ വാഹനങ്ങൾ

സ്വകാര്യവാഹനത്തിൽ വരുന്നവരുടെ എണ്ണവും ഓഫീസിനടുത്തുള്ള പിക്കപ്പ് പോയിന്റും വകുപ്പ് മേധാവികളോ, ഓഫീസ് അധികാരികളോ ശേഖരിച്ച് അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. സ്വകാര്യ. വാഹനങ്ങൾക്ക് വണ്ടി നമ്പർ അനുസരിച്ച് ഒന്നിടവിട്ട ദിവസമാണ് അനുവദിച്ചിരിക്കുന്നത്. വണ്ടി നമ്പർ അവസാന അക്കം: 1,​3,​5,​7,​9 - തിങ്കൾ, ബുധൻ, വെള്ളി. 0,​2,​4,​6,​ 8 -​ ചൊവ്വ, വ്യാഴം, ശനി.

സർക്കാർ ജീവനക്കാർ

5.13 ലക്ഷം: ആകെ

2.76 ലക്ഷം: വിവിധ വകുപ്പുകളിൽ

1.65 ലക്ഷം : അദ്ധ്യാപകർ

72,000: പൊലീസ്,​ ഫയർ ഫോഴ്സ്

നാളെ മുതൽ എത്തുന്നത്

45,540: ആകെ വരാവുന്നത്

4800: സെക്രട്ടേറിയറ്റിൽ ആകെ

1600: നാളെ മുതൽ വരേണ്ടത്

പൊതുഗതാഗതം ഇല്ല

ഉത്തരവ് റദ്ദാക്കി

തിരുവനന്തപുരം: ലോക്ക്ഡൗൺ കാലത്ത് ബസുകൾ ഉൾപ്പെടെയുള്ള പൊതുഗതാഗതം അനുവദിക്കില്ല. കഴിഞ്ഞദിവസം സംസ്ഥാന സർക്കാർ ഇറക്കിയ മാർഗനിർദ്ദേശങ്ങളുടെ ഉത്തരവിൽ 13.3 ഖണ്ഡിക ഭേദഗതി വരുത്തി. ഇതുപ്രകാരം ഒരു വിധത്തിലുള്ള പൊതു ഗതാഗത സംവിധാനങ്ങളും പ്രവർത്തിക്കുന്നതല്ല. അതേസമയം, ജില്ലാ കളക്ടറുടെ പ്രത്യേക അധികാരം ഉപയോഗിച്ച് ഏറ്റെടുക്കുന്ന ബസുകളും, വ്യവസായ/വാണിജ്യ സ്ഥാപനങ്ങളിൽ ഭാഗികമായ പ്രവർത്തനത്തിന് ജീവനക്കാരെയും തൊഴിലാളികളെയും എത്തിക്കാനുള്ള വാഹനങ്ങളും മാത്രം കർശനമായ നിയന്ത്രണങ്ങളോടെ അനുവദിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

@ഒരു ദിവസത്തെ മാറ്റം

മറ്റ് ഇളവുകൾ നിലവിൽ വരുന്ന തീയതികളിൽ ഒരു ദിവസത്തെ മാറ്റമുണ്ട്. ഓറഞ്ച് ബി വിഭാഗത്തിൽ പെട്ട ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂർ ജില്ലകളിൽ 21 മുതലും ഓറഞ്ച് എയിൽ പെട്ട പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളിൽ 25 മുതലും ആയിരിക്കും ഇളവുകൾ.