തിരുവനന്തപുരം: പൂന്തുറ മത്സ്യവിപണന മേഖലയിൽ കൊവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചാണ് മത്സ്യവിപണനം നടത്തുന്നതെന്ന് ഉറപ്പുവരുത്താൻ ജില്ലാ കളക്ടർ കെ. ഗോപാലകൃഷ്ണൻ പരിശോധന നടത്തി. സാമൂഹിക അകലം പാലിച്ച് ടോക്കൺ സമ്പ്രദായത്തിലൂടെയാണ് ഇവിടെ വിപണനം നടത്തുന്നതെന്ന് കളക്ടർ പറഞ്ഞു. ടോക്കണെടുത്ത് കൃത്യമായി അകലം പാലിച്ചുവേണം വിപണനം നടത്തേണ്ടത്. മത്സ്യഫെഡ് നിശ്ചയിച്ച വിലയിൽ കൂടുതൽ വാങ്ങാൻ പാടില്ല. ലേലം വിളിച്ചുള്ള വില്പന പാടില്ലെന്നും ജില്ലയിലെ മറ്റ് മത്സ്യബന്ധന വിപണന മേഖലകളിലും വരും ദിവസങ്ങളിൽ പരിശോധന തുടരുമെന്നും കളക്ടർ പറഞ്ഞു.