തിരുവനന്തപുരം: ലോക്ക് ഡൗൺ വിലക്കുകൾ ലംഘിച്ച് യാത്ര ചെയ്‌ത 128 പേർക്കെതിരെ ഇന്നലെ സിറ്റി പൊലീസ് കേസെടുത്തു. രോഗവ്യാപനം ഉണ്ടാക്കുന്ന തരത്തിൽ വിലക്കുലംഘനം നടത്തിയ 112 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് 2020 പ്രകാരവും അനാവശ്യയാത്ര ചെയ്ത 16 പേർക്കെതിരേയുമാണ് കേസെടുത്തത്. കൂടുതൽ കേസുകൾ പേട്ട, തമ്പാനൂർ, കഴക്കൂട്ടം എന്നീ പൊലീസ് സ്റ്റേഷനുകളിലാണ്. 88 ഇരുചക്ര വാഹനങ്ങളും 6 ആട്ടോറിക്ഷകളും 4 കാറുകളും അടക്കം 98 വാഹനങ്ങൾ പിടിച്ചെടുത്തു. നഗരത്തിലെ വിവിധ ലേബർ ക്യാമ്പുകളിൽ കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് പുതിയ തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് തലസ്ഥാനത്ത് അഞ്ഞൂറിൽപരം ലേബർ ക്യാമ്പുകളിൽ ജനമൈത്രി സുരക്ഷാ പദ്ധതിയുടെ ഭാഗമായി വിവരശേഖരണം നടത്തിയാണ് തിരിച്ചറിയൽ കാർഡുകൾ വിതരണം ചെയ്തത്. നിലവിൽ പോലീസ് നൽകിയിട്ടുള്ള ഐഡി കാർഡുകൾ ഉള്ളവർക്കും പുതുതായുള്ളവർക്കും ഉൾപ്പെടെ 11363 ഇതര സംസ്ഥാന തൊഴിലാളികൾക്കാണ് ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് നൽകിയതെന്നും കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു.