തിരുവനന്തപുരം: കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ക് ഡൗണിൽ കേരളത്തിൽ കുടുങ്ങിയ അന്യസംസ്ഥാന തൊഴിലാളികളെ തിരിച്ച് അവരുടെ നാടുകളിലെത്തിക്കാൻ പ്രത്യേക തീവണ്ടികൾ ഓടിക്കണമെന്ന ആവശ്യത്തോട് ഇതുവരെ കേന്ദ്രസർക്കാർ പ്രതികരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതാദ്യമായാണ് കൊവിഡ് വന്ന ശേഷം മുഖ്യമന്ത്രി കേന്ദ്രത്തിനെതിരെ വിമർശനമുന്നയിക്കുന്നത്. കേന്ദ്രസർക്കാരിനോട് പലവട്ടം ആവശ്യപ്പെട്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ മറുപടി ലഭിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും അന്യസംസ്ഥാന തൊഴിലാളികൾ സംസ്ഥാനത്തുണ്ടെന്നും എത്രയും പെട്ടെന്ന് സ്വദേശത്തേക്ക് മടങ്ങാനാണ് അവർ ആഗ്രഹിക്കുന്നതെന്നും പറഞ്ഞ മുഖ്യമന്ത്രി ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളാണ് കേരളത്തിലുള്ളതെന്നും ചൂണ്ടിക്കാട്ടി. അപ്രതീക്ഷിതമായെത്തിയ ലോക്ക് ഡൗണിൽ ജോലിയില്ലാതെ വരുമാനം മുട്ടിയ ഇവർ കൊവിഡ് വ്യാപനത്തെക്കുറിച്ചുള്ള വാർത്തകൾ കേട്ട് ആകെ ആശങ്കയിലാണ്. സംസ്ഥാന സർക്കാരും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും മുൻകൈയ്യെടുത്ത് സാമൂഹിക അടുക്കള വഴി അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം എത്തിച്ചു നൽകുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. വേഗം നാട്ടിലേക്ക് മടങ്ങണം എന്നാണ് അന്യസംസ്ഥാന തൊഴിലാളികളുടെ ആവശ്യം എന്നാൽ തീവണ്ടി സർവ്വീസുകളും റോഡ് ഗതാഗതവും നിർത്തി വച്ചിരിക്കുന്നതിനാൽ ഇതു നടക്കില്ല. ഈ സാഹചര്യത്തിലാണ് അന്യസംസ്ഥാന തൊഴിലാളികളെ മടക്കി കൊണ്ടു പോകാനായി പ്രത്യേക തീവണ്ടികൾ എന്ന ആവശ്യം കേരള സർക്കാർ കേന്ദ്രത്തിന് മുന്നിൽ വച്ചത്. ഒരു ദേശീയ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി കേന്ദ്രത്തോടുള്ള പരിഭവം വ്യക്തമാക്കിയത്.